ജീവിതകാലം മുഴുവന്‍ ഇതു തന്നെ വേട്ടയാടും: മാപ്പിരന്ന്, പൊട്ടിക്കരഞ്ഞ് സ്മിത്ത് (വീഡിയോ)

single-img
29 March 2018

പന്തു ചുരണ്ടല്‍ വിവാദത്തില്‍ പൊട്ടിക്കരഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. തെറ്റ് സംഭവിച്ചുവെന്നും മാപ്പുനല്‍കണമെന്നും ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തിയ സ്മിത്ത് പറഞ്ഞു. ഡേവിഡ് വാര്‍ണറും സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ആരാധകരോട് മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് സ്മിത്തിന്റെ കുറ്റസമ്മതം.

എല്ലാത്തിനും മാപ്പ്, പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് മുന്നില്‍ മോശം മാതൃക കാണിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. സിഡ്‌നി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ക്രിക്കറ്റാണ് എന്റെ ജീവിതം അതു വീണ്ടും തുടരാനാകുമെന്ന് താന്‍ പ്രത്യാശിക്കുന്നു. ഇതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സംഭവിച്ചതില്‍ എല്ലാം താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സ്മിത്ത് തുറന്നു പറഞ്ഞു.

പന്തില്‍ കൃത്രിമം കാട്ടിയ സംഭവം ലോകതലത്തില്‍ വന്‍ വിവാദമായതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയില്‍ നിന്ന് വിവാദത്തില്‍ ഉള്‍പ്പെട്ട മൂന്നു താരങ്ങളെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചു വിളിച്ചിരുന്നു. നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, കൃത്രിമം കാട്ടിയ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നീ താരങ്ങളെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരിച്ചു വിളിച്ചത്.

സ്റ്റീവ് സ്മിത്തിനും, വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും ബാന്‍ക്രോഫ്റ്റിന് ഒമ്പതു മാസത്തെ വിലക്കുമാണ് വിധിച്ചിരിക്കുന്നത്. താരങ്ങളെ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും വിലക്കിയിരുന്നു.