ഗള്‍ഫ് മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍

single-img
29 March 2018

സിബിഎസ്ഇ പരീക്ഷ തീരുന്നതനുസരിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി കുടുംബങ്ങള്‍ അനിശ്ചിതത്വത്തില്‍. മാറ്റിവച്ച പത്താം ക്ലാസിലെ മാത്‌സ്, 12–ാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷകള്‍ക്കു പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ പ്രവാസി കുടുംബങ്ങള്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ്.

ടിക്കറ്റ് എടുത്തുവെച്ചവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട സ്ഥിതിയിലാണ്. അങ്ങനെ വന്നാല്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം കൂടിയ നിരക്കില്‍ പുതിയ ടിക്കറ്റ് എടുക്കുകയും വേണം. കുടുംബത്തിന്റെ മുഴുവന്‍ യാത്രയും പുനഃക്രമീകരിക്കേണ്ടി വരുമെന്നതിനാല്‍ വലിയ സാമ്പത്തിക ബാധ്യതയാകും നേരിടേണ്ടിവരിക.

ഇതോടൊപ്പം നാട്ടിലുള്ള മക്കളെ പരീക്ഷയ്ക്കുശേഷം ഗള്‍ഫിലേക്കു ഹ്രസ്വ സന്ദര്‍ശനത്തിനു കൊണ്ടുവരാനിരുന്നവരും പ്രതിസന്ധിയിലായി. പൊതുവേ ഗള്‍ഫ് മലയാളികള്‍ വാര്‍ഷികാവധിക്കു നാട്ടിലേക്കെത്തുന്ന തിരക്കു തുടങ്ങിയിട്ടില്ല. കുട്ടികളെ പ്ലസ് ടുവിനു നാട്ടിലേക്കു മാറ്റാനും പ്ലസ് ടുവിനു ശേഷം പ്രഫഷനല്‍ കോഴ്‌സില്‍ സീറ്റ് ഉറപ്പാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ വരുന്നത്.

അതിനിടെ സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സിബിഎസ്ഇക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രണ്ട് പരീക്ഷകളുടേത് മാത്രമല്ല, എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.

സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നും, എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പറുകള്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് ചോര്‍ന്നതായും ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് നീതി ലഭിക്കണം എന്ന മുദ്രാവാക്യവുമായാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജന്തര്‍ മന്ദറില്‍ സംഘടിച്ചത്.

ഒന്നുകില്‍ സിബിഎസ്ഇ എല്ലാ പരീക്ഷകളും വീണ്ടും നടത്തുക, അല്ലെങ്കില്‍ ഒരു പരീക്ഷയും രണ്ടാമത് നടത്താതിരിക്കുക എന്നതാണ് ഇവരുടെ ആവശ്യം. ചോദ്യപേപ്പര്‍ ചോര്‍ച്ച ആവര്‍ത്തിക്കുന്നത് സിബിഎസ്ഇയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായും കുട്ടികള്‍ പറഞ്ഞു.

അതിനിടെ കേന്ദ്ര മാനവശേഷി വികസന മന്ത്രി ജാവഡേക്കറിന്റെയും സിബിഎസ്ഇ അധ്യക്ഷയുടെയും രാജി ആവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പാര്‍ട്ടി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ചോദ്യക്കടലാസുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സീനിയര്‍ പൊലീസ് ഓഫിസര്‍ ആര്‍.പി.ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സിബിഎസ്ഇ നല്‍കിയ പരാതിയിന്മേല്‍ രണ്ടു കേസുകളാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.