രാജ്യാന്തര കൊള്ളസംഘത്തെ ദുബായ് പൊലീസ് പിടികൂടിയത് സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയില്‍: വീഡിയോ പുറത്ത്

single-img
27 March 2018

രാജ്യത്ത് ബാങ്ക് കൊള്ള നടത്തി വന്ന വന്‍സംഘത്തെയാണ് ദുബായ് പൊലീസ് കൃത്യമായ നീക്കത്തിലൂടെ പിടികൂടിയത്. ഇരുപത്തിയഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പിടികൂടിയവരില്‍ ഭൂരിപക്ഷവും തായ്‌ലാന്റുകാരാണ്.

ഇവരോടൊപ്പം ചില എഷ്യക്കാരും ഉള്‍പ്പെടുന്നു. കൊള്ളസംഘത്തിലെ പലരും ഇതിന് മുന്‍പ് തായ്‌ലാന്റില്‍ സമാനകുറ്റത്തിന് പിടിക്കപ്പെട്ടിട്ടുള്ളവരാണ്. തായ് ഗവണ്‍മെന്റിന്റെ സഹായത്തോടുകൂടിയായിരുന്നു ദുബായ് പൊലീസിന്റെ നിര്‍ണായക നീക്കം.

കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ദുബായ് പൊലീസ് അന്താരാഷ്ട്ര കൊള്ളസംഘത്തിന്റെ താവളത്തിലേക്ക് എത്തിയത്. തോക്കേന്തിയ പൊലീസ് സംഘം മുറിയിലേക്ക് ഇരച്ചുകയറിയതോടെ കൊള്ളസംഘം പകച്ചുപോയി. മറിച്ച് ഒരു നീക്കത്തിനും ഒരു ചെറുത്തുനില്‍പ്പിനും ഇടനല്‍കാതെ കൊള്ളസംഘത്തെ ദുബായ് പൊലീസ് സംഘം കീഴ്‌പ്പെടുത്തി.

കൊള്ളസംഘത്തിന്റെ പക്കല്‍ നിന്നും ഏകദേശം 20കോടിയോളം രൂപയാണ് പിടികൂടിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും 150 സ്മാര്‍ട്ട് ഫോണുകളും 40 ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഇതിനൊപ്പം അക്കൗണ്ടുകളില്‍ നിന്നും പണം തട്ടാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക ഉപകരണങ്ങളും പിടികൂടി.

രാജ്യത്ത് ഒരു തരത്തിലുള്ള അക്രമങ്ങളും കൊള്ളയും നടത്താന്‍ അനുവദിക്കില്ലെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖാലിഫ അല്‍ മാരി പറഞ്ഞു. ദുബായ് ഭരണാധികാരിയുടെ സ്വപ്നമായ സുരക്ഷയും സമാധാനം നിറഞ്ഞ ഒരു ദുബായ് യാഥാര്‍ത്യമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.