ഖത്തറിന്റെ നീക്കങ്ങളെ സൗദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തു: പ്രതിസന്ധിക്ക് പരിഹാരമാകുന്നു ?

single-img
23 March 2018

ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തീവ്രവാദത്തിനെതിരായ ഖത്തറിന്റെ നീക്കങ്ങളെ സൗദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 19 വ്യക്തികളെയും എട്ടു സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ഖത്തറിന്റെ പട്ടികയെയാണ് സൗദി അനുകൂല രാജ്യങ്ങള്‍ സ്വാഗതം ചെയ്തത്.

ഖത്തര്‍ പുറത്തിറക്കിയ തീവ്രവാദ ബന്ധമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 10 പേര്‍ നേരത്തെ സൗദി അനുകൂല രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്ളവരാണ്. ഖത്തര്‍ കൈക്കൊണ്ട പുതിയ നടപടി തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടു വരുന്ന ഒന്നാണെന്നും സൗദി അനുകൂല രാജ്യങ്ങള്‍ പ്രതികരിച്ചു.

ഖത്തര്‍ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം തീവ്രവാദ ഘടകം തന്നെയാണ്. ഖത്തറും ഇത് ശരിവെക്കുന്നു എന്നതിന്റെ തെളിവാണ് ലിസ്റ്റ് പുറത്തുവിട്ട നടപടിയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് ട്വിറ്ററില്‍ വ്യക്തമാക്കി. ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേലും കടുത്ത സമ്മര്‍ദം തുടരുകയാണ്. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസില്‍ ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നു.