ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ കിടക്കയില്‍നിന്ന് മാറ്റിവെക്കണം

single-img
15 March 2018

സുഹൃത്തുക്കളോട് സൊല്ലാനും ഗെയിം കളിക്കാനും മാത്രമല്ല, എന്തിനും ഏതിനും ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ വേണമെന്നതാണ് അവസ്ഥ. സ്മാര്‍ട് ഫോണ്‍ ഇല്ലാതെ ഉണ്ണാനും ഉറങ്ങാനും പറ്റില്ല എന്നതുവരെ എത്തി കാര്യങ്ങള്‍. ഇതില്‍ മുമ്പില്‍ നില്‍ക്കുന്നതാകട്ടെ ഇന്ത്യക്കാരും.

ഇന്ത്യയിലെ 74 ശതമാനം പേര്‍ ഉറങ്ങുമ്പോഴും സ്മാര്‍ട് ഫോണ്‍ കയ്യില്‍ സൂക്ഷിക്കുന്നതായി അടുത്തിടെ നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. 41 ശതമാനം പേര്‍ വാഷ്‌റൂമിലും ഫോണ്‍ ഉപയോഗിക്കുന്നു. രാജ്യത്ത് 35 ശതമാനം പേര്‍ക്ക് സെക്‌സിനേക്കാള്‍ താത്പര്യം സ്മാര്‍ട് ഫോണിനോടാണെന്നും സര്‍വെ വ്യാക്തമാക്കുന്നു. ആഗോളതലത്തില്‍ ഇത് 22 ശതമാനമാണ്.

എന്നാല്‍ ഫോണ്‍ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഉറങ്ങുമ്പോള്‍ ഫോണ്‍ അടുത്തിരിക്കുന്നത്, തലച്ചോറിലെ ക്യാന്‍സറിനുള്ള സാധ്യത കൂട്ടുമെന്ന് എക്‌സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും ഫോണ്‍ റേഡിയേഷന്‍ കാരണമാകും.

ഇതുകൂടാതെ, റേഡിയേഷന്‍ കാരണം പുരുഷന്‍മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഫോണില്‍നിന്ന് സിഗ്‌നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു. ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു.

തലച്ചോറിലെ മൃദുവായ കോശങ്ങളെ റേഡിയേഷന്‍ തരംഗങ്ങള്‍ ബാധിക്കുകകയും ചെയ്യുന്നു. ഇങ്ങനെയാണ് റേഡിയേഷന്‍ കാരണം വളരെവേഗം തലച്ചോറില്‍ ക്യാന്‍സറോ ട്യൂമറോ ഉണ്ടാകുന്നത്. അതിനാലാണ് ഉറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ കിടക്കയില്‍നിന്ന് മാറ്റിവെക്കണമെന്ന് പഠനസംഘം നിര്‍ദ്ദേശിക്കുന്നത്.