ട്വന്‍റി20: ആദ്യ ജയം ലങ്കയ്ക്ക്

single-img
7 March 2018


കൊളംബോ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. വിജയലക്ഷ്യമായി ഇന്ത്യ മുന്നോട്ടുവച്ച 175 റണ്‍സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക സ്വന്തമാക്കി.മൂന്നാമനായിറങ്ങി അര്‍ധശതകം നേടിയ കുസാല്‍ പെരേരയുടെയും വാലറ്റത്ത് തിസാര പെരേരയുടെ നേതൃത്വത്തില്‍ നടന്ന ചെറുത്തുനില്‍പ്പിന്‍െറയും ഫലമാണ് ആതിഥേയരുടെ ജയം.

കുസാല്‍ പെരേര 37 പന്തില്‍ 66 റണ്‍സുമായി പുറത്തായി. കുസാല്‍ ഒരുക്കിയ അടിത്തറയില്‍ ലങ്കന്‍ ഇന്നിങ്സ് മുന്നോട്ടുനയിച്ച തിസാര 22 റണ്‍സുമായും ദസുന്‍ സനക 15 റണ്‍സുമായും പുറത്താകാതെ നിന്ന് ജയം പൂര്‍ത്തിയാക്കി. രണ്ടാം ഓവറില്‍ തന്നെ കുസാല്‍ മെന്‍ഡിസിനെ(11) വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയുണര്‍ന്നിരുന്നു. എന്നാല്‍, ധനുഷ്ക ഗുണതിലകക്കൊപ്പം കുസാല്‍ പെരേര ചേര്‍ന്നതോടെ സ്കോര്‍ കുതിച്ചു. തൊട്ടുപിന്നാലെ ശര്‍ദുല്‍ താക്കൂറിന്‍െറ ആദ്യ ഓവറില്‍ ഇന്ത്യയുടെ നടുവൊടിച്ച പ്രകടനം കുസാല്‍ പെരേര പുറത്തെടുത്തു. 27 റണ്‍സാണ് ആ ഓവറില്‍ കുസാല്‍ അടിച്ചെടുത്തത്. അഞ്ചാം ഓവറിന്‍െറ അവസാന പന്തില്‍ ഗുണതിലകയെ(19) ജയദേവ് ഉനദ്കട്ടിന്‍െറ പന്തില്‍ ലങ്കയ്ക്ക് നഷ്ടമായി.

ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ 14 റണ്‍സുമായി യുസ്വേന്ദ്ര ചഹലിന് മുന്നില്‍ വീണു. തുടര്‍ന്ന് ഉപുല്‍ തരംഗയായി കുസാല്‍ പെരേരയ്ക്ക് കൂട്ട്. എന്നാല്‍, കുസാലിനെ പറഞ്ഞയച്ച് വാഷിങ്ടണ്‍ വീണ്ടും ഇന്ത്യയെ ട്രാക്കിലെത്തിച്ചു. അധികം വൈകാതെ തരംഗയും(17) ചഹലിന് മുന്നില്‍ വീണു. പക്ഷേ, മോഹിച്ച ജയം മാത്രം ഇന്ത്യന്‍ വഴിയില്‍ വന്നില്ല.

ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി അര്‍ധശതകം നേടിയ ശിഖര്‍ ധവാന്‍െറ പ്രകടനം പാഴായി. 49 പന്തില്‍ 90 റണ്‍സാണ് താരം അടിച്ചെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്കായി ധവാനൊപ്പം മനീഷ് പാണ്ഡെയും(37) റിഷഭ് പന്തും(23) മോശമല്ലാത്ത സ്കോര്‍ കണ്ടെത്തി.