ദേശീയ സീനിയര്‍ വോളിയില്‍ സ്വന്തം മണ്ണിലും കേരള വനിതകള്‍ക്ക് നിരാശ; പുരുഷന്മാര്‍ക്ക് അഭിമാന കിരീടം

single-img
28 February 2018


കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ 10ാം തവണയും കേരളത്തിന്‍െറ വനിതകള്‍ക്ക് ഫൈനലില്‍ നിരാശ. റെയില്‍വേസിന്‍െറ കരുത്തുറ്റ ‘എന്‍ജിന്’ മുന്നില്‍ വീണ്ടും വനിതകള്‍ വീണു. എന്നാല്‍, റെയില്‍വേസിന്‍െറ തന്നെ ടീമിനെതിരെ ഫൈനല്‍ കളിച്ച പുരുഷന്മാര്‍ കിരീടക്കുതിപ്പുമായി കേരളത്തിന്‍െറ അഭിമാനം കാത്തു.

രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് വാശിയേറിയ പോരാട്ടത്തില്‍ കേരള വനിതകള്‍ മുട്ടുകുത്തിയത്. സ്കോര്‍: 25-21, 26-28, 21-25, 25-18, 15-12. ആദ്യ സെറ്റ് റെയില്‍വേസ് നേടിയതിന് പിന്നാലെ രണ്ടും മൂന്നും സെറ്റുകള്‍ നേടിയ കേരളം ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തിയിരുന്നു. എന്നാല്‍, കൃത്യസമയത്ത് തിരിച്ചടിച്ച റെയില്‍വേസ് സ്വന്തം മണ്ണിലും കേരളത്തിന് നിരാശ സമ്മാനിച്ച് അവസാന രണ്ട് സെറ്റുകളും കിരീടവും സ്വന്തമാക്കി.

വനിതകള്‍ വീണതിന് പിന്നാലെ കളത്തിലിറങ്ങിയ കേരളത്തിന്‍െറ പുരുഷന്മാരും ആദ്യ സെറ്റ് കൈവിട്ട് കൊണ്ടാണ് തുടങ്ങിയത്. റെയില്‍വേസ് വീണ്ടും ആതിഥേയര്‍ക്ക് ഭീഷണിയാകുമെന്ന് തോന്നിച്ചെങ്കിലും പിന്നീടുള്ള മൂന്നു സെറ്റുകളും പിടിച്ചെടുത്ത് കേരളം കിരീടം നിലനിര്‍ത്തി. സ്കോര്‍: 24-26, 25-23, 25-19, 25-21.