ദക്ഷിണാഫ്രിക്കന്‍ താരം മോണി മോര്‍ക്കല്‍ വിരമിക്കുന്നു

single-img
27 February 2018

ദക്ഷിണാഫ്രിക്കയുടെ പേസ് ബോളര്‍ മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ നാലു മല്‍സര ടെസ്റ്റ് പരമ്പരയ്ക്കു ശേഷം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് മുപ്പത്തിമൂന്നുകാരനായ മോര്‍ക്കല്‍ പറഞ്ഞു.

കുടുംബത്തിനു വേണ്ടി സമയം നീക്കിവയ്ക്കുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് മോര്‍ക്കല്‍ പറഞ്ഞു. ഡര്‍ബനില്‍ വ്യാഴാഴ്ച്ചയാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പര തുടങ്ങുക. മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയ്ക്കായി 83 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ടിട്വന്റിയും കളിച്ചിട്ടുണ്ട്.

12 വര്‍ഷത്തെ കരിയറില്‍ 294 ടെസ്റ്റുവിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ താരം നേടി. അതില്‍ ഏഴു തവണ അഞ്ചു വിക്കറ്റ്‌നേട്ടവും കൊയ്തു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മോര്‍ക്കല്‍. മൂന്നു ഫോര്‍മാറ്റുകളിലുമായി 529 വിക്കറ്റുകള്‍ അക്കൗണ്ടിലുണ്ട്.

‘ഈ തീരുമാനം എടുക്കാന്‍ ഏറെ പ്രയാസപ്പെട്ടു. പുതിയ അധ്യായം തുടങ്ങാനുള്ള ശരിയായ സമയമിതാണ്. ചെറിയ കുട്ടികളും വിദേശിയായ ഭാര്യയുമാണുള്ളത്. നിലവിലെ മത്സരക്രമം കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതാണ്. അവരെ ഇനിയെങ്കിലും പരിഗണിച്ചേ തീരൂ.

ഈ തീരുമാനം മുന്നോട്ടുപോകാന്‍ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ജഴ്‌സിയില്‍ കളിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഇത്രയും നാള്‍ പിന്തുണ നല്‍കിയ സഹതാരങ്ങള്‍ക്കും ക്രിക്കറ്റ് ദക്ഷിണാഫ്രക്കയ്ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയുന്നു.

എന്നില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് കരുതുന്നത്. മുന്നോട്ടുള്ള ജീവിതത്തെ ആവേശത്തോടെയാണ് നോക്കികാണുന്നത്. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ ഓസീസിനെതിരായ പരമ്പരയിലാണ്. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മോര്‍ക്കല്‍ വ്യക്തമാക്കി.