ഐ ലീഗ് വമ്പന്മാരെ വീഴ്ത്തുന്നത് പതിവാക്കി ഗോകുലം കേരള; ഇത്തവണ വീണത് മിനെര്‍വ പഞ്ചാബ്

single-img
20 February 2018


പഞ്ച്കുള: ഐ ലീഗില്‍ കേരളത്തിന്‍െറ പ്രതിനിധികളായ ഗോകുലം കേരള എഫ്.സിയുടെ അട്ടിമറികള്‍ തുടരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം തുടര്‍ന്ന ഗോകുലത്തിന് മുന്നില്‍ ഇത്തവണ വീണത് മിനെര്‍വ പഞ്ചാബ്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് മിനെര്‍വയുടെ സ്വന്തം തട്ടകത്തില്‍ കേരള ടീമിന്‍െറ ജയം. 75ാം മിനിറ്റില്‍ ഹെന്‍റി കിസ്സേക്ക നേടിയ തകര്‍പ്പന്‍ ഗോളാണ് ഗോകുലത്തിന് ജയമൊരുക്കിയത്.

കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ചതിന്‍െറ ആഘോഷമടങ്ങും മുമ്പാണ് മിനെര്‍വയെ നേരിടാന്‍ ഗോകുലം ഇറങ്ങിയത്. ഐ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ടീമാണ് മിനെര്‍വ. ഗോകുലത്തിനെതിരെ ജയിക്കാനായിരുന്നെങ്കില്‍ പോയിന്‍റ് ടേബിളില്‍ പഞ്ചാബ് ടീം ഒന്നാമതെത്തുമായിരുന്നു. ഈ ജയത്തോടെ ഗോകുലത്തിന് സൂപ്പര്‍ കപ്പ് ടൂര്‍ണമെന്‍റിലേക്ക് യോഗ്യത നേടാനുള്ള സാധ്യത തുറന്നിരിക്കുകയാണ്. 15 മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുള്ള ഗോകുലം കേരള ലീഗില്‍ ആറാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയിന്‍റുള്ള മിനെര്‍വ പഞ്ചാബ് രണ്ടാമതാണ്.