അബുദാബി കെ.എം.സി.സി കലോത്സവം: കണ്ണൂരിന് കിരീടം

single-img
18 February 2018

അബുദാബി: അബുദാബി സംസ്ഥാന കെ.എം.സി.സി രണ്ട് ദിവസങ്ങളിലായി നടത്തിയ കലോത്സവത്തില്‍ കണ്ണൂരിന് കിരീടം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കലോത്സവത്തില്‍ 50 പോയന്റ് നേടിയാണ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഒന്നാം സ്ഥാനം നേടിയത്.

മലപ്പുറം ജില്ല 41 പോയന്റ് നേടി രണ്ടാം സ്ഥാനവും, തൃശൂര്‍ ജില്ല 26 പോയന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം കലാകാരന്മാരാണ് മത്സരത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍ ജില്ലയിലെ നസീര്‍ രാമന്തളിയെ കലാപ്രതിഭയായും, കോഴിക്കോട് ജില്ലയിലെ ഷാഹിദ് അത്തോളിയെ മികച്ച നടനായും തിരെഞ്ഞെടുത്തു. ഫൈസല്‍ എളേറ്റില്‍, പിന്നണി ഗായകന്‍ കൊച്ചിന്‍ അന്‍സാര്‍, പിന്നണി സംവിധായകന്‍ ഹനീഫ് മുടിക്കോട് എന്നിവര്‍ വിധി നിര്‍ണ്ണയിച്ചു.

കോല്‍ക്കളി, വട്ടപ്പാട്ട്, നാടകം, മാപ്പിളപ്പാട്ട്, ക്വിസ്സ്, കവിത രചന, ചിത്രരചന, ഖുര്‍ആന്‍ പാരായണം, മലയാളം ഇംഗ്ലീഷ് പ്രസംഗങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി മത്സരങ്ങള്‍ അരങ്ങേറി.