നന്നായി കളിച്ചപ്പോഴും തഴയപ്പെട്ടതില്‍ വിഷമം തോന്നി; സെലക്ടര്‍മാര്‍ക്കെതിരെ റെയ്‌ന

single-img
16 February 2018

മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമില്‍ സിലക്ടര്‍മാര്‍ അവസരം നല്‍കാതിരുന്നത് വേദനിപ്പിച്ചെന്ന് വെറ്ററന്‍ താരം സുരേഷ് റെയ്‌ന. ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. നന്നായി കളിച്ചപ്പോഴും ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ വിഷമം തോന്നിയിരുന്നു.

പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വരാനിരിക്കുന്ന ട്വന്റി-20 മാത്രമാണ് മുന്നിലെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ഒരോ നാളുകളിലും കഠിനമായി പരിശീലനം നടത്തുകയായിരുന്നു. ഇത് ഇവിടെ വെച്ച് അവസാനിക്കുന്നതല്ല.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നിടത്തോളം കളിക്കണം. 2019 ലോകകപ്പില്‍ എനിക്ക് കളത്തിലിറങ്ങണം, കാരണം ഇംഗ്ലണ്ടില്‍ നന്നായി കളിച്ചെന്ന് എനിക്കറിയാം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.

ശരിയാണ് എനിക്ക് 31 വയസ്സുണ്ട്. എന്നാല്‍ എല്ലാവരും പറയുന്നതുപോലെ പ്രായം വെറും സംഖ്യ മാത്രമാണ്. എല്ലാ മത്സരത്തിനിറങ്ങുമ്പോഴും ആദ്യമായി കളത്തിലിറങ്ങുന്ന അനുഭൂതിയാണ്, റെയ്‌ന കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കുവേണ്ടി 223 ഏകദിനങ്ങളിലും 65 ട്വന്റി20 യിലും ഈ മുപ്പത്തൊന്നുകാരന്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബംഗളുരുവില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു റെയ്‌ന അവസാന ട്വന്റി20 കളിച്ചത്. അന്ന് ഫൈനലില്‍ 63 റണ്‍സും അദ്ദേഹം നേടി.