രാജ്യത്തെ ജനങ്ങൾക്ക് മുൻകരുതൽ നിർദേശങ്ങളുമായി ഖത്തർ

single-img
16 February 2018

രാജ്യമെങ്ങും കനത്ത പൊടിക്കാറ്റടിക്കുന്നത് വേനൽ നേരത്തേ എത്തുമെന്നതിന്റെ സൂചനയാണെന്നു ഖത്തർ കാലാവസ്ഥാ നിരീക്ഷണ വിഭാഗം (ക്യുഎംഡി). തെക്കുകിഴക്കു ദിശയിലാണ് ഇപ്പോൾ പൊടിക്കാറ്റടിക്കുന്നത്. ഇതു പകലും രാത്രിയും ചൂടു കൂടാൻ ഇടയാക്കും.

വരുംദിവസങ്ങളിൽ രാത്രി താപനില 20 ഡിഗ്രി സെൽഷ്യസിനും പകൽതാപനില 30 ഡിഗ്രി സെൽഷ്യസിനും മുകളിലാവുമെന്നു ക്യുഎംഡി ട്വീറ്റ് ചെയ്തു. കനത്ത പൊടിക്കാറ്റിനെതിരെ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലെടുക്കണമെന്നു പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പൊടിക്കാറ്റ് ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്നു പൊതുഗതാഗത ഡയറക്ടറേറ്റും നിർദേശിച്ചു. ആസ്മ, ശ്വാസതടസ്സം, നെഞ്ചുവേദന ഇവയുള്ളവരും അടുത്തിടെ മൂക്കിനും കണ്ണിനും ശസ്ത്രക്രിയ നടത്തിയവരും വയോധികരും പൊടിക്കാറ്റിൽ പുറത്തിറങ്ങരുത്.

പൊടിക്കാറ്റുള്ളപ്പോൾ പുറത്തിറങ്ങുന്നവർ മാസ്‌കും കണ്ണടയും ധരിക്കണം. തുറസ്സായ സ്ഥലങ്ങളിൽ പണിയെടുക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. തിരിച്ചെത്തിയാലുടൻ മുഖവും കണ്ണും മൂക്കും വായും തണുത്തജലത്തിൽ നന്നായി കഴുകണം.

ചെറിയ മണൽത്തരികൾ ശ്വാസകോശത്തിലെത്തുന്നതു കടുത്ത അലർജിക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. വാഹനമോടിക്കുന്നവർ വിൻഡോ ഗ്ലാസുകൾ തുറക്കരുത്. കാറിനുള്ളിൽ ചൂടധികമായി തോന്നിയാൽ ഗ്ലാസ് താഴ്ത്താതെ എസി പ്രവർത്തിപ്പിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.