സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ സെല്‍ഫി എടുക്കുന്നതിന് വിലക്ക്: റോഡുകളില്‍ വീഡിയോ ചിത്രീകരിക്കുന്നതും നിയമ ലംഘനം

single-img
6 February 2018


റിയാദ്: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിലും റോഡുകളിലും വീഡിയോ ചിത്രീകരിക്കുന്നത് നിയമ ലംഘനമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തെരുവുകളില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്. നിയമ ലംഘകര്‍ക്കെതിരേ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയിലെ തെരുവുകളില്‍ ഫോട്ടോ എടുക്കുന്നത് പതിവാണ്. എന്നാല്‍ അനുമതിയില്ലാതെ ദൃശ്യം പകര്‍ത്തുന്നത് നിയമ ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അസീര്‍ അല്‍ ദര്‍സില്‍ പളളിയില്‍ നിന്ന് പുറത്തിറങ്ങിയവരുടെ ദൃശ്യങ്ങള്‍ മൊറോക്കന്‍ പൗരന്‍ പകര്‍ത്തിയിരുന്നു.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അനുമതിയില്ലാതെ അന്യരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും നിയമ ലംഘനമാണ്. ഇത്തരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമ പ്രകാരവും ശിക്ഷ ലഭിക്കും.