ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ പാലിക്കേണ്ട ഭക്ഷണരീതികള്‍

single-img
2 February 2018

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ക്ക് രക്തധമനിയിലെ സമ്മര്‍ദം എല്ലായ്‌പ്പോഴും അസാധാരണമാംവിധം ഉയര്‍ന്ന നിരക്കിലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ സാധാരണയായി ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍ ഇക്കൂട്ടര്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും ഹൃദയസംബന്ധമായ അസുഖങ്ങള്‍, തളര്‍വാതം, കിഡ്‌നി സംബന്ധമായ തകരാറുകള്‍ എന്നിവയിലേക്ക് എത്തിച്ചേരാം. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് അറിയാം.

ഉയര്‍ന്ന രക്തസമ്മര്‍ദം രണ്ടു തരം

ഉയര്‍ന്ന രക്തസര്‍ദം രണ്ടായി തിരിക്കുന്നു. പ്രൈമറി രക്തസമ്മര്‍ദവും സെക്കണ്ടറി രക്തസര്‍ദവും. 90 ശതമാനം ആളുകളിലും പ്രൈമറി രക്തസമ്മര്‍ദമാണുള്ളത്. ഇത് ജനിതക കാരണങ്ങള്‍കൊണ്ടും തെറ്റായ ജീവിതശൈലികൊണ്ടുമാണ്.

തെറ്റായ ജീവിതശൈലി എന്നതിലുള്‍പ്പെടുന്നത് അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത ശരീരഭാരം, പുകവലി, മദ്യപാനം എന്നിവയാണ്. ജീവിതശൈലിയില്‍ മാറ്റംവരുത്തുകയും ശരിയായരീതിയിലുള്ള മരുന്നുകളുടെ ഉപയോഗവുംകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാം.

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ പാലിക്കേണ്ട ഭക്ഷണരീതി വളരെ എളുപ്പമാണ്. ധാരാളം പഴവര്‍ഗങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കംചെയ്ത പാലും, പാലുത്പന്നങ്ങളും ഉപയോഗിക്കുക. കൊഴുപ്പുകൂടിയ ആഹാരങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക, മുഴുധാന്യങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. മത്സ്യം, മുട്ട, എണ്ണക്കുരുക്കള്‍ എന്നിവ ഉപയോഗിക്കാം. ഉപ്പിന്റെയും മധുരത്തിന്റെയും ചുവന്ന മാംസത്തിന്റെയും ഉപയോഗം നിയന്ത്രിക്കുക.

ഒരു ദിവസത്തെ ഉപ്പിന്റെ ഉപയോഗം രണ്ട് ഗ്രാം എന്നയളവില്‍ ക്രമീകരിക്കുക. അതായത് മൊത്തത്തില്‍ കഴിക്കുന്ന ആഹാരത്തിലെ ഉപ്പിന്റെ അളവ്, പാചകം ചെയ്യുമ്പോള്‍ ചേര്‍ക്കുന്ന ഉപ്പും ടേബിളില്‍വച്ച് ഉപയോഗിക്കുന്ന ഉപ്പിന്റെ അളവും ചേര്‍ന്ന് രണ്ടുഗ്രാമാക്കി ഉപയോഗിക്കുക. പ്രമേഹമില്ലാത്തവര്‍ ഉച്ചയ്ക്കും രാത്രിയിലും പഴവര്‍ഗങ്ങള്‍ ഉപയോഗിക്കുക.