ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു

single-img
1 February 2018

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും പരമ്പര നഷ്ടമായ ഇന്ത്യ ഏകദിനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് മല്‍സരം.

പരുക്കേറ്റ ഏ.ബി ഡിവില്ലിയേഴ്‌സ് ഇല്ലാത്തത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്. പേസ് ബോളര്‍മാര്‍ക്ക് അനുകൂലമാണ് ഡര്‍ബനിലെ സാഹചര്യങ്ങള്‍. ടെസ്റ്റിലെന്നപോലെ ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.

നാല് പരമ്പര കളിച്ചു. നാലും തോറ്റു. ആകെ 20 മത്സരങ്ങളില്‍ കളിച്ചു. 14ലും ഇന്ത്യ തോറ്റു. നാലെണ്ണത്തില്‍ ജയിച്ചു. പേസര്‍മാരുടെ അരങ്ങായ ടെസ്റ്റ് പരമ്പര 2-1നാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. എന്നാല്‍ ദുഷ്‌കരമായ വാണ്ടറേഴ്‌സ് പിച്ചിലെ ജയം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

അവസാന ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയമായിരുന്നു ഇന്ത്യയുടേത്. ഏകദിനത്തില്‍ തുല്യശക്തികളാണ് ഇന്ത്യയും ദക്ഷിണാ്രഫിക്കയും. അവസാന അഞ്ച് ഏകദിന പരമ്പരകളില്‍ ഒരെണ്ണത്തില്‍ മാത്രമേ ദക്ഷിണാഫ്രിക്ക തോറ്റിട്ടുള്ളൂ. ഇതില്‍ ന്യൂസിലന്‍ഡില്‍ നേടിയ പരമ്പരനേട്ടമാണ് ശ്രദ്ധേയം.

ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുകാട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ഇന്ത്യ അവസാനം കളിച്ച അഞ്ച് ഏകദിന പരമ്പരകള്‍ സ്വന്തമാക്കി. ഒന്നൊഴികെ മറ്റെല്ലാം സ്വന്തം മണ്ണില്‍വച്ചായിരുന്നു. വിദേശമണ്ണിലെ ജയം വെസ്റ്റിന്‍ഡീസിനെതിരെയാണ്.

ഏകദിന റാങ്കിങ്പട്ടികയിലെ ഒന്നാംസ്ഥാനക്കാരന്‍ വിരാട് കോഹ്ലിയാണ് ബാറ്റിങ്‌നിരയില്‍ ഇന്ത്യയുടെ നെടുന്തൂണ്‍. കഴിഞ്ഞവര്‍ഷം 26 മത്സരങ്ങളില്‍നിന്ന് 1460 റണ്ണാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. ആറ് സെഞ്ചുറികളും ഏഴ് അരസെഞ്ചുറികളും സ്വന്തമാക്കി.

മികച്ച ഫോമിലാണ് കോഹ്ലി. ടെസ്റ്റ്പരമ്പരയില്‍ ആകെ പിറന്ന സെഞ്ചുറി കോഹ്ലിയുടെ ബാറ്റില്‍നിന്നായിരുന്നു. പരമ്പരയിലെ ടോപ് സ്‌കോററുമായി. ക്യാപ്റ്റനെ കൂടാതെ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, മഹേന്ദ്ര സിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് ശ്രദ്ധേയ താരങ്ങള്‍.

പേസര്‍മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമാകും. കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയുടെ ഏകദിന വിജയങ്ങളില്‍ ഇരുവരും നിര്‍ണായക പങ്കാളികളായി.

മുഹമ്മദ് ഷമിയും ശര്‍ദുള്‍ താക്കൂറും പേസ്‌നിരയിലുണ്ട്. സ്പിന്‍ വിഭാഗത്തില്‍ യുശ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലുമാണ് സമീപകാലത്ത് ഇന്ത്യയുടെ പ്രധാന ബൗളര്‍മാര്‍. അടുത്തവര്‍ഷത്തെ ലോകകപ്പിനുള്ള ഒരുക്കംകൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര.