മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ്; ഭുവനേശ്വർ, രഹാനെ ടീമിൽ

single-img
24 January 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട ഇന്ത്യ ആശ്വാസ ജയം തേടിയാണ് ജൊഹാനാസ്ബർഗിൽ ഇറങ്ങുന്നത്.

ബാറ്റിങ്ങിൽ ഇതുവരെ ഫോമിലേക്കുയരാനാകാതെ പോയ രോഹിത് ശർമയ്ക്ക് പകരം മൂന്നാം ടെസ്റ്റിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കളിക്കും. സ്പിന്നർമാരെ സമ്പൂർണമായി ഒഴിവാക്കിയ ഇന്ത്യ അശ്വിനു പകരം ഭുവനേശ്വർ കുമാറിനെയും ടീമിൽ ഉൾപ്പെടുത്തി.

ടീം സിലക്ഷനില്‍ പഴി ഏറെ കേട്ട സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റിൽ അജിങ്ക്യ രഹാനെയ്ക്ക് അവസരമൊരുങ്ങിയത്. ആദ്യടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വറിനെ പുറത്തിരുത്തിയത് അബദ്ധമായെന്ന തിരിച്ചറിവ് താരത്തിന്റെ തിരിച്ചുവരവിനും വഴിതെളിച്ചു. ഇതോടെ ഭുവനേശ്വർ കുമാർ–ഇഷാന്ത് ശർമ–മുഹമ്മദ് ഷാമി–ജസ്പ്രീത് ബുമ്ര–ഹാർദിക് പാണ്ഡ്യ സഖ്യമാകും ഇന്ത്യയ്ക്കായി ബോളിങ് ആക്രമണം നയിക്കുക.

വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് അതീവ ദുഷ്കരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ലോകറാങ്കിങ്ങിലെ ഒന്നാമന്‍മാരായെത്തിയ ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ ജയമെന്ന സുവര്‍ണനേട്ടത്തിനരികെയാണ് ദക്ഷിണാഫ്രിക്ക. കേപ്ടൗണിലും സെഞ്ചൂറിയനിലും കോഹ്‌ലിയെയും സംഘത്തെയും തകര്‍ത്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസ്നിര വാണ്ടറേഴ്സില് ഉഗ്രരൂപം കൈവരിക്കുമെന്ന് ഉറപ്പ്‍.

അതേസമയം, 3-0ന് പരമ്പര തൂത്തുവാരിയാലും റാങ്കിങ്ങില്‍ ഇന്ത്യയെ താഴെയിറക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ല. എന്നാല്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലേക്ക് കുതിച്ചെത്താനാകും. ഐസിസി ടീമിന്റെ പോലും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കോഹ്‌ലിക്ക് ഇനിയൊരു തോല്‍വി കൂടി താങ്ങാനാകില്ല. എന്നാല്‍ അതൊഴിവാക്കണമെങ്കില്‍ കോഹ്‌ലിക്കൊപ്പമുള്ള ബാറ്റിങ്നിരയും കഴിയുംവിധം ശ്രമിക്കണം.