ശ്രീശാന്തിനെ പരുക്കേല്‍പ്പിക്കാന്‍ അന്ന് തല ലക്ഷ്യമാക്കിയാണ് താന്‍ പന്തെറിഞ്ഞതെന്ന വെളിപ്പെടുത്തലുമായി ആന്ദ്രേ നെല്‍

single-img
22 January 2018

2006ല്‍ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മല്‍സരത്തിനിടെ പേസര്‍ ആന്ദ്രേ നെല്ലിനെ സിക്‌സര്‍ പറത്തി മൈതാനത്ത് ബാറ്റ് ചുഴറ്റി നൃത്തംവച്ച ശ്രീശാന്തിന്റെ പ്രകടനം ക്രിക്കറ്റ് ആരാധകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. എന്നാല്‍ അന്നത്തെ ആ പ്രകടനത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നെല്‍ രംഗത്തെത്തി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിരന്തരം ഭീഷണി ഉയര്‍ത്തിയ ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് താന്‍ പന്തെറിഞ്ഞതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാര്‍ക്ക് തലവേദനയായി മാറിയ ശ്രീശാന്തിനെ പരുക്കേല്‍പ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യം.

അതിനാലാണ് താന്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും നെല്‍ വെളിപ്പെടുത്തി. തന്റെ ബൗണ്‍സറുകളും ശ്രീശാന്തിന്റെ തല ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്റെ ആഹ്ലാദപ്രകടനം കണ്ട് തനിക്കും ചിരിയാണ് വന്നതെന്നും നെല്‍ ഓര്‍മ്മിച്ചു.

മല്‍സരശേഷം ശ്രീശാന്തിന് ആദ്യം ഹസ്തദാനം നല്‍കിയത് താനാണെന്നും തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നെല്‍ വെളിപ്പെടുത്തി. ആ മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കേവലം 84 റണ്‍സിനാണ് പുറത്തായത്. 40 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.