അബുദാബി നാടകോത്സവത്തിനു തിരശീല വീണു

single-img
21 January 2018

അബുദാബി: അബുദാബിയിലെ നാടക പ്രേമികൾക്ക് ആഘോഷ രാവുകൾ സമ്മാനിച്ച അബുദാബി മലയാളീ സമാജം നാടകോത്സവത്തിനു തിരശീല വീണു.യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നും ഒൻപതു നാടകങ്ങൾ മത്‌സരിച്ചതിൽ യുവകലാ സാഹിതി അബുദാബി അവതരിപ്പിച്ച “ഒരു ദേശം നുണ പറയുന്നു” ആണ് മികച്ച നാടകമായി തിരഞ്ഞെടുത്തത്.

മികച്ച സംവിധായകൻ ഷൈജു അന്തിക്കാട്‌,മികച്ച രണ്ടാമത്‌ നടി : ദേവി അനിൽ. സഹ നടി ഷാഹിദാനി വാസു,മികച്ച നാടകം എന്നിങ്ങനെ നാല് അവാർഡുകളാണ് യുവകലാ സാഹിതി അബുദാബി അവതരിപ്പിച്ച “ഒരു ദേശം നുണ പറയുന്നു” എന്ന നാടകം സ്വന്തമാക്കിയത്. തിയ്യറ്റർ ദുബൈ അവതരിപ്പിച്ച ഇയാഗോ ആണ് മികച്ച രണ്ടാമത്തെ നാടകം.

തിയ്യറ്റർ ക്രിയേറ്റീവ്‌ ഷാർജയുടെ അരാജകവാദിയുടെ അപകടമരണം എന്ന നാടകത്തിൽ പ്രധാന കഥാപാത്രത്തിന് ജീവൻ പകർന്ന അഷറഫ്‌ കിരാലൂറിനെ ആണ് മികച്ച നടൻ ആയി തെരെഞ്ഞെടുത്തത്. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരിപ്പിച്ച സക്കറാം ബൈന്റർ എന്ന നാടകത്തിലെ അഭിനയത്തിലൂടെ ജീന രാജീവിനെ മികച്ച നടിയായി തെരെഞ്ഞെടുത്തു.

തീരം ആർട്ട്സ്‌ ദുബായ്‌യുടെ ജനശത്രു എന്ന നാടകത്തിലൂടെ ശ്രീജിത്ത്‌ പൊയിൽക്കാവ്‌ മികച്ച ദീപ വിതാനത്തിനുള്ള പുരസ്‌ക്കാരവും,
അബുദാബി ശക്തി തിയ്യറ്റേഴ്സ്‌ ന്റെ യമദൂത്‌ എന്ന നാടകത്തിലൂടെ ക്ലിന്റ്‌ പവിത്രൻ മികച്ച ചമയത്തിനുള്ള പുരസ്‌ക്കാരവും നേടി.

മികച്ച സംഗീതവും,രംഗ സജ്ജീകരണവും തിയ്യറ്റർ ദുബായ്‌ യുടെ ഇയാഗോ എന്ന നാടകം സ്വന്തമാക്കി. കല അബുദാബിയുടെ മാ എന്ന നാടകത്തിലൂടെ പവിത്ര സുധീറിനെ ആണ് മികച്ച ബാല താരമായി തെരെഞ്ഞെടുത്തത്.
ജൂറി അവാർഡ്‌ നേടിയവർ :
സഹനടി:
ഷാഹിദാനി വാസു ( ഒരു ദേശം നുണ പറയുന്നു , യുവകലാ സാഹിതി )
സോന ജയരാജ്‌ ( സക്കറാം ബൈന്റർ , അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ )
സഹനടൻ:
പ്രകാശൻ തച്ചങ്ങാട്‌ ( യമദൂത്‌ , ശക്തി തിയ്യറ്റേഴ്സ്‌ )
മികച്ച രംഗ സജ്ജീകരണം: (ഇയാഗോ,തിയ്യറ്റർ ദുബൈ )
സംവിധാനം:
ഗോപി കുറ്റിക്കോൽ ( മാ,കല അബുദാബി )

മലയാളീ സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ വിധികർത്താക്കളായ പയ്യന്നൂർ മുരളിയും സജി തുളസിദാസുമാണ് വിജയികളെ പ്രഖ്യാപിച്ചത്. സമാപന സമ്മേളനത്തിൽ മുതിർന്ന നാടക പ്രവർത്തനായ വക്കം ഷക്കീർ,സമാജം പ്രസിഡന്റ് വക്കം ജയലാൽ,ജനറൽ സെക്രട്ടറി എ.എം.അൻസാർ,കലാ വിഭാഗം സെക്രട്ടറി ബിജു വാര്യർ തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് ആളുകളാണ് സമാപന പരിപാടിയിൽ പങ്കെടുത്തത്.