സൗദിയില്‍ മമ്മൂട്ടിയല്ല നസീബാണ് താരം

single-img
20 January 2018

സൗദി: പ്രവാസലോകത്തെ അനുഗ്രഹീത മിമിക്രി കലാകാരന്‍ ആണ് കലാഭവന്‍ നസീബ്. സൗദി അറേബ്യയിലെ റിയാദിലാണ് ഈ കലാകാരന്‍ ജോലി ചെയ്യുന്നത്. തന്റെ ജോലി തിരക്കിനിടയിലും ഗള്‍ഫ് രാജ്യങ്ങളിലെ കലാ വേദികളില്‍ സജീവ സാന്നിധ്യം.

ചിരി മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. കലയും സര്‍ഗാത്മകതയും മുരടിച്ചു പോയേക്കാവുന്ന പ്രവാസഭൂമിയില്‍ തന്നിലെ കലാകാരന്റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയാണ് മിമിക്രി കലാകാരനായ കലാഭവന്‍ നസീബ്. സൗദി അറേബ്യയിലെ മിക്ക മലയാളി കൂട്ടായ്മകളിലും കഴിഞ്ഞ 15 വര്‍ഷമായി വണ്‍മാന്‍ ഷോ അവതരിപ്പിച്ചു ശ്രദ്ധേയനാകുകയാണ് നസീബ്.

പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനും, ചിന്തിപ്പിക്കുന്നതിനും പ്രത്യേക വൈഭവമുള്ള നസീബിന്റെ പ്രധാന ഐറ്റം അഭ്രപാളിയില്‍ മിന്നി മറയുന്ന പോലെ മിനിറ്റുകള്‍ക്കുള്ളില്‍ സിനിമാ താരങ്ങളുടെ ഫിഗര്‍ ഷോയാണ്. അതും 40ല്‍പ്പരം കലാകാരന്മാരാണ് സ്റ്റേജില്‍ മിന്നിമറയുന്നത്.

മലയാളികളുടെ ഇഷ്ടതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, നസീര്‍, ജോസ് പ്രകാശ്, ഉമ്മര്‍, ജയറാം, സുരേഷ് ഗോപി, രജനീകാന്ത്, അശോകന്‍ തുടങ്ങി പുതുതലമുറയിലെ കൈലാസ് വരെയും മാപ്പിള പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫിന്റെവരെ വേഷപകര്‍ച്ച ഈ കലാകാരന്റെ കൈയില്‍ ഭദ്രമാണ്.

ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി സ്‌കിറ്റുകള്‍ അവതരിപ്പിക്കുന്നതിനും, വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങളും തന്റെ കണ്ഠനാളത്തില്‍നിന്നും ഉതിര്‍ത്ത് കാണികളെ ആകര്‍ഷിക്കുന്നതിനും അസാമാന്യ കഴിവാണ് ഇദ്ദേഹത്തിനുള്ളത്.

ശബ്ദാനുകരുണകലയില്‍ പുതുമകള്‍ വരുത്താന്‍ സമയം കണ്ടെത്തിവിവിധ ഗള്‍ഫ് രാജ്യങ്ങളിലും പ്രോഗ്രാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. സാധാരണ നാട്ടില്‍നിന്നും ആണ് പ്രോഗ്രാം അവതരിപ്പിക്കാന്‍ വിദേശത്തേക്ക് കലാകാരന്മാര്‍ എത്താറുള്ളത്. എന്നാല്‍ തന്റെ ഫിഗര്‍ ഷോ കണ്ട് ഇഷ്ടമായ ചിലര്‍ നാട്ടിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാന്‍ കൊണ്ടുപോയത് വല്യ അംഗീകാരമായി നസീബ് കാണുന്നു.

മിമിക്രി കലാകാരന്‍ ആകണമെന്ന മോഹവുമായി ഒന്‍പതാം ക്‌ളാസിലാണ് ആദ്യമായി മിമിക്രി അവതരിപ്പിച്ചത്. പിന്നീട് സ്‌കൂള്‍, കോളജ് യുവജനോത്സവ വേദികളില്‍ സ്ഥിരം സാന്നിധ്യമാവുകയും നിരവധി സമ്മാനങ്ങള്‍ ലഭിക്കുകയും ചെയ്തു. തൃശൂരില്‍ ഉള്ള ജോക്‌സ് ഇന്ത്യ എന്ന ട്രൂപ്പില്‍ ആണ് അരങ്ങേറ്റം.തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് ഉള്‍പ്പെടെയുള്ള ട്രൂപ്പുകളില്‍ സഹകരിച്ച നസീബ് 2003 ല്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള തീരുമാനവുമായി സൗദി അറേബ്യയില്‍ എത്തി.

റിയാദിലെ ഒരു ബാങ്കില്‍ ജോലി ലഭിച്ച നസീബ് തന്റെ തിരക്കുപിടിച്ച ജോലിക്കിടയിലും മിമിക്രി എന്ന കലയെ കൈവിടാന്‍ തയാറായില്ല . ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്ന അവധിദിനം തന്റെ കലാ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ചു. 11 വര്‍ഷത്തോളം ബാങ്ക് ജോലിയോടൊപ്പം മിമിക്രിയും അവതരിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ബാങ്ക് ഉദ്യോഗം രാജിവെച്ച് റിയാദില്‍ ഉള്ള ഹിലാല്‍ കമ്പ്യൂട്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നു. ഇപ്പോള്‍ നസീബിനു ആഴ്ചയില്‍ രണ്ട് ദിവസം അവധി ഉള്ളത് കൊണ്ട് വിവിധ ഇടങ്ങളില്‍ പരിപാടിയുമായി തിരക്കിലാണ്.

മമ്മൂട്ടിയുടെ ഇരുപതോളം വേഷ പകര്‍ച്ചകള്‍ നസീബ് വേദിയില്‍ നിമിഷങ്ങള്‍ക്കകം ചെയ്യാറുണ്ട് . മമ്മൂട്ടിയോടൊപ്പം ഒരു സ്റ്റേജ് ഷോ ചെയ്യണം എന്നാണു വലിയ ആഗ്രഹം. മിമിക്രി കൂടാതെ പ്രഫഷണല്‍ നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും ടെലിഫിലിമിലുകളിലും സീരിയലു അഭിനയിച്ചിട്ടുണ്ട് ഈ കലാകാരന്‍ . തൃശൂര്‍ കുന്നംകുളം സ്വദേശിയായ നസീബ് സിനിമയിലും ,സീരിയലിലും നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഒരു കൈ പയറ്റാന്‍തന്നെയാണ് തീരുമാനം.