ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് ജയം

single-img
16 January 2018

വെല്ലിങ്ടണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ പാപ്പുവ ന്യൂഗിനിയെ പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ യുവനിര തകര്‍ത്തുവിട്ടത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. നേരത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ 100 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനി 21.5 ഓവറില്‍  64 റണ്‍സിന് പുറത്തായിരുന്നു. ദുര്‍ബലരായ പാപുവയ്‌ക്കെതിരെ ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ പൃഥ്വിഷായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

36 പന്തുകള്‍ നേരിട്ട ഷാ 57 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ 9 റണ്‍സ് മാത്രമെടുത്ത മന്‍ജോത് കല്‍റയും ക്യാപ്റ്റന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ ഇന്ത്യ ജയം അനായാസം സ്വന്തമാക്കുകയായിരുന്നു. ഓള്‍ റൗണ്ടര്‍ അനുകൂല്‍ റോയിയുടെ അഞ്ചുവിക്കറ്റ് പ്രകടനത്തിലാണ് ആദ്യം ബാറ്റു ചെയ്ത പാപുവ ന്യൂഗിനിയെ ഇന്ത്യ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്.

15 റണ്‍സ് നേടിയ ഓവിയ സാമാണ് അവരുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ശിവം മാവി രണ്ടു വിക്കറ്റും കമലേഷ് നഗര്‍കോട്ടി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. രണ്ടാം ജയത്തോടെ ഇന്ത്യ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ബി ഗ്രൂപ്പില്‍ നാലു പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ.