ആറുതവണ ക്ലൗഡ് സീഡിങ് നടത്തി; യുഎഇയില്‍ പരക്കെ മഴ

single-img
10 January 2018

ദുബായ്: രണ്ടുദിവസമായി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി എന്നീ എമിറേറ്റുകളില്‍ പരക്കെ മഴ പെയ്തു. ദുബായിലെ ജുമേരയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 39.6 മില്ലിമീറ്റര്‍.

റാസല്‍ഖൈമയില്‍ 20.7 മില്ലിമീറ്ററും അബുദാബി കോര്‍ണിഷില്‍ 7.4 മില്ലിമീറ്ററും മഴ ലഭിച്ചു. ബുധനാഴ്ചയും തീരപ്രദേശങ്ങളില്‍ മഴ ലഭിക്കും. തണുത്ത കാറ്റ് വീശുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ മൂടല്‍മഞ്ഞിനും സാധ്യത ഉണ്ട്.

വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആറുതവണ ക്ലൗഡ് സീഡിങ് നടത്തിയതാണ് വ്യാപകമായി മഴ ലഭിക്കാനുള്ള കാരണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ വടക്കന്‍ മേഖലകള്‍, അബുദാബി നഗരം, അബുദാബിയുടെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലാണ് ക്ലൗഡ് സീഡിങ് നടത്തിയത്.

മേഘങ്ങള്‍ക്കിടയില്‍ വിമാനത്തിലെത്തി രാസമിശ്രിതം വിതറുകയായിരുന്നു. കൃത്രിമ മഴ പെയ്യിക്കാനുള്ള പുതിയ ശാസ്ത്രശാഖയില്‍ യുഎഇ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിലൂടെ വൃഷ്ടി പ്രദേശങ്ങളിലടക്കം പരമാവധി മഴപെയ്യിക്കാന്‍ സാധിച്ചിരുന്നു.