സൗദിയില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി

single-img
9 January 2018

 

അതിശൈത്യം പിടിമുറുക്കിയതോടെ സൗദിയുടെ വടക്കന്‍ മേഖലയില്‍ മഞ്ഞുവീഴ്ച. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. തലസ്ഥാനമായ റിയാദില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് വൈകുന്നേരത്തെ താപനില. മരുഭൂമി മഞ്ഞില്‍ പുതയുന്ന കാഴ്ച കാണാന്‍ പതിവുപോലെ ഇക്കുറിയും സന്ദര്‍ശകപ്രവാഹമാണ്.

തബൂക്കിലുള്ളവര്‍ തണുപ്പകറ്റാന്‍ പാടുപെടുമ്പോള്‍ പരിസര പ്രവിശ്യയിലുള്ളവര്‍ മഞ്ഞു വീഴ്ച കാണാനെത്തുകയാണ്. രാത്രിയില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ്. പകല്‍ വെയില്‍ പരക്കുമ്പോള്‍ തണുപ്പ് അല്‍പം കുറയുന്നുണ്ടെങ്കിലും മലനിരകളുടെ ഭൂരിഭാഗവും മഞ്ഞില്‍ പുതഞ്ഞുകിടക്കുകയാണ്.

ഇതിനാല്‍ രാത്രി മുതല്‍ പുലര്‍ച്ചെ വരെ തമ്പടിക്കുന്ന സാഹസികരുമുണ്ട്. സന്ദര്‍ശകത്തിരക്കേറിയതോടെ അപകടങ്ങള്‍ ഒഴിവാക്കാനായി സുരക്ഷ ശക്തമാക്കി. ഈ ആഴ്ചയോടെ തണുപ്പേറുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദിലും പരിസര പ്രവിശ്യകളിലും താപനില പത്തിന് താഴെയാണ്.

ഇതുവരെ മഴയെത്തിയിട്ടില്ല. മഴ പെയ്താല്‍ തണുപ്പ് തീവ്രമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ കുറഞ്ഞ തണുപ്പാണ് രേഖപ്പെടുത്തിയത്. തബൂക്കിലും ചില പ്രവിശ്യകളിലും മഴക്ക് പിന്നാലെയാണ് മഞ്ഞു വീഴ്ച.