രഹാനയെ കളിപ്പിച്ചില്ലെന്ന വിമര്‍ശനത്തിന് വിരാട് കോഹ്‌ലിയുടെ മറുപടി

single-img
9 January 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന് തോറ്റതിന്റെ പ്രധാനകാരണം ബാറ്റിങ് നിരയുടെ പ്രകടനം തന്നെയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രണ്ടിന്നിങ്‌സിലുമായി എതിരാളിയുടെ 20വിക്കറ്റ് വീഴ്ത്തുക നിര്‍ണായകമാണ്. ഇത് ബോളര്‍മാര്‍ ഭംഗിയാക്കി.

എന്നാല്‍ താന്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയുടെ പ്രകടനം മികവിനൊത്തതായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യത്തില്‍ വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് 35നും 50നും ഇടയില്‍ കൂട്ടുകെട്ട് ഓരോവിക്കറ്റിലും തീര്‍ക്കാനായാല്‍ അത് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകുമായിരുന്നെന്നും ക്യാപ്റ്റന്‍ കോഹ്‌ലി വിലയിരുത്തുന്നു.

അതേസമയം ആദ്യ ടെസ്റ്റില്‍ രഹാനെയെ ഉള്‍പ്പെടുത്താതെ രോഹിത് ശര്‍മയെ ടീമിലെടുത്തതിന് ഉയര്‍ന്ന വിമര്‍ശനത്തിനും വിരാട് കോഹ്‌ലി മറുപടി നല്‍കി. ശ്രീലങ്കക്കെതിരെ ഏകദിന ഡബിളടിച്ച രോഹിത് ശര്‍മ അവസാനം കളിച്ച മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇതാണ് രഹാനയെ പുറത്തിരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് കോഹ്‌ലി പറയുന്നത്. അങ്ങനെയല്ലായിരുന്നെങ്കില്‍ ഇങ്ങനെ ആവുമായിരുന്നു എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്നതില്‍ അര്‍ഥമില്ലെന്നും നിലവിലെ ഫോമും മല്‍സര സാഹചര്യങ്ങളും കണക്കിലെടുത്താണ് ടീം ഘടന തീരുമാനിക്കുന്നതെന്നും കോഹ്‌ലി വിശദമാക്കുന്നു.

പേസും ബൗണ്‍സും നിറഞ്ഞ ജീവനുളള പിച്ചില്‍ സാങ്കേതികത്തികവുള്ള രഹാനയെ പുറത്തിരുത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മത്സരത്തില്‍ ദയനീയ പ്രകടനമായിരുന്നു രോഹിത്തിന്റേത്. ആദ്യ ഇന്നിങ്‌സില്‍ 11, രണ്ടാം ഇന്നിങ്‌സില്‍ 10 റണ്‍സ് എന്ന നിലയിലായിരുന്നു രോഹിത്തിന്റെ സംഭാവന.