സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണം

single-img
6 January 2018


റിയാദ്: സൗദിയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനില്‍ നിന്ന് ഹൂതികള്‍ വീണ്ടും മിസൈല്‍ തൊടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് നജ്‌റാനിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈലയച്ചത്.

തെക്കന്‍ പ്രവിശ്യകളില്‍ സ്ഥാപിച്ചിരിക്കുന്ന പാട്രിയറ്റ് പ്രതിരോധ മിസൈല്‍ ഉപയോഗിച്ച് നജ്‌റാന്‍ ആകാശത്തുവെച്ച് ഹൂതി മിസൈല്‍ വിജയകരമായി തകര്‍ത്തതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍മാജലികി പറഞ്ഞു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് സൗദി പൗരന്റെ വീടിന് നേരിയ കേടുപാടുകളുണ്ടായി.

ഈ വര്‍ഷം സൗദിയിലേക്ക് ഹൂതികളയക്കുന്ന ആദ്യ മിസൈലാണിത്. ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവിയാണ് സൗദിയിലേക്ക് മിസൈലയച്ചെന്ന് അവകാശവാദം ഉന്നയിച്ചത്. തൊട്ടു പിന്നാലെ നജ്‌റാനില്‍ വെച്ച് തന്നെ മിസൈല്‍ തകര്‍ത്തു.

ജനവാസ മേഖല ലക്ഷ്യം വെച്ചാണ് മിസൈലയച്ചത്. നടപടിയെ സൗദി സഖ്യസേന അപലപിച്ചു. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി ഹൂതികള്‍ സൗദിയിലേക്ക് മിസലയച്ചിരുന്നു. രാജ്യത്തെ ലക്ഷ്യം വെച്ച് എണ്‍പതിലേറെ തവണ ഹൂതികള്‍ ആഭ്യന്തര യുദ്ധാനന്തരം മിസൈലയച്ചിരുന്നു.

മിസൈല്‍ ഇറാന്‍ നിര്‍മിതമാണെന്ന് സഖ്യസേന ആരോപിച്ചു. ഹൂതികള്‍ക്ക് ഇറാന്‍ മിസൈലെത്തിക്കുന്നതിന്റെ തെളിവുകള്‍ സഖ്യസേന പുറത്ത് വിട്ടിരുന്നു. തലസ്ഥാനമായ റിയാദിലേക്കെത്തിയ മിസൈലുകളും പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ മാസം തകര്‍ത്തത്. ഇതിന് പിന്നാലെ ഹൂതികള്‍ക്കെതിരായ നീക്കം സഖ്യസേന ശക്തമാക്കിയിരുന്നു.