ഖത്തറിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

single-img
4 January 2018

 

ഖത്തറിലെ വീട്ടുവാടക ഇനിയും കുറയുമെന്ന് റിപ്പോര്‍ട്ടുകള്‍. ജീവിതച്ചെലവ് കൂടുന്നതില്‍ നിരാശരായിരുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ഈ വര്‍ഷാന്ത്യത്തോടെ കൂടുതല്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ രാജ്യത്തു ലഭ്യമാവുകയും ജനസംഖ്യ കാര്യമായി വര്‍ധിക്കാനിടയില്ലാത്തതിനാലും വീട്ടുവാടക 30 ശതമാനത്തിലേക്കോ അതിലും താഴേക്കോ എത്തുമെന്ന സൂചനയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിന്നു ലഭിക്കുന്നത്.

ഒരു ശരാശരി പ്രവാസി മലയാളി കുടുംബത്തിന് 2016 ആദ്യം ആകെ വരുമാനത്തിന്റെ 50% വീട്ടുവാടകയ്ക്കായി മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നെങ്കില്‍ 2017 അവസാനപാദമായപ്പോഴേക്കും വാടക 35% ആയി കുറഞ്ഞിരുന്നു. ഈ വര്‍ഷാന്ത്യത്തോടെ രാജ്യത്തെ പാര്‍പ്പിടങ്ങളുടെ എണ്ണം 2.93 ലക്ഷവും ഹോട്ടല്‍ റൂമുകള്‍ 31,000വും ഓഫിസ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ആകെ വിസ്തൃതി 5.1 കോടി ചതുരശ്രയടിയും ആകുമെന്നാണ് റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വാലുസ്ട്രാറ്റ് പറയുന്നത്.

2017 ഡിസംബര്‍ 31ന് ഖത്തറിലെ ജനസംഖ്യ 26.42 ലക്ഷമാണ്. 2016 ഡിസംബര്‍ 31നെ അപേക്ഷിച്ച് 1.7% ആണ് ജനസംഖ്യയിലെ വര്‍ധന. എന്നാല്‍, ജനസംഖ്യ 26.9 ലക്ഷത്തില്‍ (വര്‍ധന 1.8%) അധികരിക്കില്ലെന്നു വാലുസ്ട്രാറ്റ് പറയുന്നു. ജനസംഖ്യ 48,000 വര്‍ധിക്കുമ്പോള്‍ 8,800 പാര്‍പ്പിടങ്ങള്‍ അധികം ലഭിക്കും.

പോയവര്‍ഷം അവസാനപാദത്തില്‍ പാര്‍പ്പിട വാടക നാലുശതമാനവും ഓഫിസ് വാടക രണ്ടുശതമാനവും കുറഞ്ഞുവെന്ന് വാലുസ്ട്രാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷം കൂടുതല്‍ പാര്‍പ്പിടങ്ങള്‍ പണിതീര്‍ന്നു ലഭ്യമാവുന്നതിനാല്‍ വാടക ഇനിയും കുറയുമെന്നാണ് അവരുടെ നിഗമനം.

ഖത്തറിലെ ഏറ്റവും ആഡംബരമേഖലയായ ലുസൈലില്‍ കൂടുതല്‍ ഓഫിസുകള്‍ക്ക് സ്ഥലം ലഭ്യമാവുമെന്നതിനാല്‍ ഈ വിഭാഗത്തിലും വാടക കുറയും. പാര്‍പ്പിട വാടക കുറയുന്നത് പ്രവാസി കുടുംബങ്ങള്‍ക്കും ഓഫിസ് വാടക കുറയുന്നത് പ്രവാസി സംരംഭകര്‍ക്കും ഗുണകരമാണ്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം മലയാളികളാണെന്നതിനാല്‍ വാടകയിലെ കുറവ് മലയാളികള്‍ക്കാണ് ഏറ്റവും ആശ്വാസം പകരുക.