എന്ത് ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലേ?: എങ്കില്‍ ആറുമാസം കൊണ്ട് കുടവയര്‍ കുറച്ച ഈ കുടുംബത്തെ മാതൃകയാക്കൂ

single-img
4 January 2018

 

 

ഇക്കാലത്ത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് കുടവയര്‍. എന്തൊക്കെ ചെയ്താലും കുടവയര്‍ കുറയുന്നില്ലെന്ന പരാതി ഏറെയാണ്. ഈ കുടവയര്‍ എങ്ങനൊന്ന് കുറയ്ക്കാം എന്നതാണ് യുവജനതയുടെ ഇന്നത്തെ പ്രധാന ചിന്താ വിഷയം. ശൈലികളുടെ മാറ്റത്തിനൊപ്പം കുടവയറെന്ന പ്രശ്‌നവും വ്യാപകമായി.

വ്യായാമത്തിന്റെ കുറവും, പതിവായി ഒരിടത്തുതന്നെ ഇരുന്നുള്ള ജോലിയുമൊക്കെ കൂടുതല്‍ കുടവയറന്‍മാരെ സൃഷ്ടിച്ചു. എന്നാല്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ഒന്നിച്ചു പരിശ്രമിച്ചതിന്റെ ഫലമായി ആറുമാസം കൊണ്ട് കുടവയര്‍ കുറച്ചെന്ന വാര്‍ത്ത ഇത്തരക്കാര്‍ക്ക് ഒരു പ്രചോദനമാണ്.

ചൈനയില്‍ നിന്നുള്ള ഒരു കുടുംബമാണ് ആറുമാസം കൊണ്ട് കുടവയര്‍ കുറച്ചത്. മുപ്പത്തിരണ്ടുകാരനായ ജെസ് എന്ന ചൈനീസ് ഫൊട്ടോഗ്രാഫറാണ് കുടുംബത്തെയാകെ വണ്ണം കുറയ്ക്കലിനായി പ്രചോദിപ്പിച്ചത്. ആറുമാസം മുമ്പ് ജെസിന്റെ അമ്മയും അച്ഛനും ജെസിനും ഗര്‍ഭിണിയായ ഭാര്യക്കുമൊപ്പം താമസിക്കാന്‍ വന്ന സമയത്താണ് കഥയുടെ തുടക്കം.

മരുമകളെ ഗര്‍ഭകാലത്തു പരിചരിക്കാനായി എത്തിയതായിരുന്നു അവര്‍. അന്നാണ് ജെസ് അച്ഛന്റെ കുടവയര്‍ കൂടുന്ന കാര്യം ശ്രദ്ധിച്ചത്. മദ്യപാനിയായിരുന്ന അച്ഛനോട് ചിട്ടയായ ജീവിതം നയിക്കാനും വണ്ണം കുറയ്ക്കാനും അന്ന് ജെസ് ആവശ്യപ്പെട്ടു.
അങ്ങനെ അച്ഛനൊപ്പം മകനും അമ്മയുമൊക്കെ വണ്ണം കുറയ്ക്കല്‍ പ്രക്രിയയിലേക്ക് ഒന്നിച്ചു ചേര്‍ന്നു.

നടത്തവും ജോഗിങ്ങും ഒക്കെ ശീലമാക്കിയതിനു ശേഷം അവര്‍ ഒന്നിച്ചുതന്നെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാനും ആരംഭിച്ചു. ഓരോ പത്തുദിവസം കൂടുമ്പോഴും ശരീരത്തിനു വന്ന മാറ്റങ്ങളെ ജെസ് ഫോട്ടോയാക്കി സൂക്ഷിച്ചു. അങ്ങനെ വെറും ആറുമാസം കൊണ്ട് അവര്‍ ഒരുപോലെ കുടവയര്‍ കുറയ്ക്കുകയും ആരോഗ്യവും ദൃഢവുമായ ശരീരം സ്വന്തമാക്കുകയും ചെയ്തു.