ദുബായ് മെട്രോ നാളെ മുതല്‍ ഭാഗികമായി അടയ്ക്കും

single-img
4 January 2018

ദുബായ്: ദുബായ് മെട്രോ സ്റ്റേഷന്റെ റെഡ് ലൈന്‍ വെള്ളിയാഴ്ച മുതല്‍ ഭാഗികമായി അടയ്ക്കും. ജുമേര ലേയ്ക്ക് ടവറിനും (ജെ.എല്‍.ടി.) ഇബ്ന്‍ ബത്തൂത്തക്കുമിടയിലുള്ള മെട്രോ പാതയാണ് അടയ്ക്കുന്നത്. എക്‌സ്‌പോ വേദിയിലേക്ക് നിര്‍മിക്കുന്ന റൂട്ട് 2020 മെട്രോ പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് റെഡ് ലൈന്‍ ഭാഗികമായി അടയ്ക്കുന്നത്.

2019 പകുതിയോടെ മാത്രമാണ് മെട്രോയുടെ ഈ ഭാഗത്തെ പ്രവര്‍ത്തനം പുനരാരംഭിക്കുകയുള്ളു. മെട്രോ ലൈന്‍ ഭാഗികമായി അടയ്ക്കുന്നത് യാത്രക്കാരെ ബാധിക്കാതിരിക്കാന്‍വേണ്ടി മുന്‍പ് പ്രഖ്യാപിച്ചിരുന്നത് പോലെ സൗജന്യ ബസ് സേവനം വെള്ളിയാഴ്ചമുതല്‍ ലഭ്യമാകുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി പ്ലാനിങ്വിഭാഗം തലവന്‍ മുഹമ്മദ് അബുബേക്കര്‍ അല്‍ ഹാഷ്മി പറഞ്ഞു. മെട്രോ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതുവരെ ഇത് തുടരും.