യുഎഇയിലേക്ക് പോകുന്നവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൊണ്ടുപോകുന്നുണ്ടോ?: എങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

single-img
28 December 2017

യുഎഇയിലേക്കോ യുഎഇ വഴി മറ്റേതെങ്കിലും രാജ്യത്തേക്കോ യാത്രചെയ്യുന്നവര്‍ സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്ന മരുന്നുകള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടതായിരിക്കരുതെന്ന് ആരോഗ്യമന്ത്രാലയം. നിശ്ചിത അളവില്‍ കൂടുതല്‍ മരുന്നുകള്‍ കൊണ്ടുവരുന്നതും നിയമവിരുദ്ധമാണ്.

ഇക്കാര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. രോഗത്തെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖ കരുതുകയും വേണം. ലോകരാജ്യങ്ങളില്‍ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാര്‍മസികളിലും ആശുപത്രികളിലും ലഭ്യമാണ്.

ചില മരുന്നുകളുടെ കാര്യത്തില്‍ നിരോധനവും നിയന്ത്രണവുമുണ്ട്. പൊതുവായ മരുന്നുകള്‍, ലഹരിമരുന്നു കലര്‍ന്നവ, നിയന്ത്രണമുള്ള മരുന്നുകള്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്വന്തം ആവശ്യത്തിനു മരുന്നുകള്‍ കൊണ്ടുവരുന്ന യാത്രക്കാര്‍ യുഎഇയിലേക്കു പുറപ്പെടും മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം.

സ്വന്തം രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്നുകളായാലും ലഹരിമരുന്നു നിയമം 14ലെ നാലാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പട്ടികയിലെ മരുന്നുകള്‍ യുഎഇയില്‍ കൊണ്ടുവരാനാവില്ലെന്ന് ആരോഗ്യമന്ത്രാലയത്തിലെ റജിസ്‌ട്രേഷന്‍ ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* നിയന്ത്രിത പട്ടികയിലുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ ആരോഗ്യമന്ത്രാലയത്തില്‍നിന്നു മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണം.

* മരുന്നുകളെ സംബന്ധിച്ച്, അറബിക്കിലോ ഇംഗ്ലിഷിലോ ഉള്ള പൂര്‍ണരേഖകള്‍ കരുതണം. ഡോക്ടറുടെ കുറിപ്പടിയോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നിര്‍ബന്ധമാണ്.

* പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ അധികൃതരുടെ രേഖകളും ഉണ്ടായിരിക്കണം. കൊണ്ടുവരുന്നയാളുടെ രോഗവും ഉപയോഗക്രമവും അളവുമെല്ലാം ഇതില്‍ വ്യക്തമാക്കുകയും വേണം. കസ്റ്റംസ് അധികൃതരെ ഈ രേഖകള്‍ കാണിച്ചു ബോധ്യപ്പെടുത്തി സ്റ്റാംപ് ചെയ്യിക്കണം.

* യുഎഇയില്‍ തങ്ങുന്ന കാലയളവില്‍ ഈ രേഖകള്‍ സൂക്ഷിക്കണം. ഏതു സമയത്തു പരിശോധന നടത്തിയാലും അധികൃതരെ ഇവ കാണിക്കാന്‍ ബാധ്യതയുണ്ട്.

* 30 ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ കൈവശം ഉണ്ടായിരിക്കരുത്. സാധാരണ മരുന്നുകളും നിരീക്ഷണത്തില്‍

* നിരോധിത പട്ടികയില്‍ പെടാത്ത സാധാരണ മരുന്നുകളാണു കൈവശമുള്ളതെങ്കിലും ഡോക്ടറുടെ കുറിപ്പടിയും മറ്റു വിശദാംശങ്ങളും ഉണ്ടായിരിക്കണം.

* പരമാവധി മൂന്നു മാസത്തെ ഉപയോഗത്തിനുള്ള മരുന്നുകളേ കരുതാവൂ.

* യുഎഇയില്‍ നിരോധിക്കപ്പെട്ടതോ നേരത്തേ അനുവദിച്ചിരുന്നതും പിന്നീടു റദ്ദാക്കിയതോ ആയ മരുന്നുകള്‍ അനുവദിക്കില്ല.

* പച്ചമരുന്നുകള്‍ ആണെങ്കിലും ഈ നിബന്ധനകള്‍ പാലിക്കണം. ചികില്‍സയ്ക്കുള്ള ഉപകരണങ്ങളുണ്ടെങ്കിലും നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.

കടപ്പാട്: മനോരമ