ഖത്തറില്‍ ഇനിയുള്ള ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

single-img
27 December 2017

ഖത്തറില്‍ ഇനിയുള്ള ദിവസങ്ങളില്‍ തണുപ്പേറുമെന്ന് കാലാവസ്ഥാ വകുപ്പ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായിരുന്നെങ്കിലും വരുംദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് അല്‍ മന്നായി പറഞ്ഞു.

വരും ദിവസങ്ങളില്‍ വടക്കന്‍ കാറ്റിനൊപ്പം താപനിലയില്‍ ഗണ്യമായ കുറവ് വരുമെന്നും ഇത്തവണത്തെ ശരാശരി പതിവ് താപനിലയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിലെ പരമാവധി ശരാശരി താപനില 24.4 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 15.6 ഡിഗ്രി സെല്‍ഷ്യസുമാണ്.

വടക്കന്‍ മേഖലകളില്‍ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ കുറയാനും സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റ് രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച ചിലയിടങ്ങളില്‍ മൂന്ന് കിലോമീറ്ററില്‍ താഴെയായിരുന്നു.

താപനില വര്‍ധിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടിനും ഇടയാക്കിയിരുന്നു. ചിലയിടങ്ങളില്‍ തിരമാല അഞ്ചുമുതല്‍ ഏഴടി വരെയും ചില സമയങ്ങളില്‍ ഒമ്പതടി വരെയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരമാവധി യാത്ര ഒഴിവാക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചിരുന്നു.