കുവൈത്തിലെ പ്രവാസികള്‍ക്ക് തിരിച്ചടി

single-img
26 December 2017

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍. വിദേശികളും സ്വദേശികളും തമ്മിലുള്ള ജനസംഖ്യാ അസന്തുലനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍ തുടങ്ങിയവരുടെ റിക്രൂട്ട്‌മെന്റ് 25 ശതമാനം കുറച്ചിട്ടുണ്ട്.

എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള മേഖലകളിലും റിക്രൂട്ട്‌മെന്റിന് കര്‍ശന നിയന്ത്രണമാണ് കൊണ്ടുവരുന്നത്. പുതിയ കരാറുകളില്‍ വിദേശികളുടെ എണ്ണം ക്രമപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. കരാര്‍ പുതുക്കുന്ന ഘട്ടത്തിലും സമാനമായ നടപടി ഉണ്ടാകും.

ഇത്തരത്തില്‍ വിദേശത്തു നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറച്ചും റിക്രൂട്ടിങ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയുമാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഘട്ടം ഘട്ടമായി വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

അതിനിടെ സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് സ്വദേശിവല്‍ക്കരണത്തിനുള്ള പാര്‍ലമെന്ററി കാര്യസമിതി അടുത്ത ആഴ്ച ആദ്യം യോഗം ചേരുന്നുണ്ട്.