ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

single-img
26 December 2017

ശ്രീലങ്കക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ രണ്ടാമതെത്തിയത്. പാകിസ്താനാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ 3-0ത്തിന് ലങ്കയെ തോല്‍പിച്ചിരുന്നു.

പരമ്പരയില്‍ തിളങ്ങിയ രോഹിത് ശര്‍മ്മക്കും കെ.എല്‍ രാഹുലിനും റാങ്കിങ്ങില്‍ മുന്നേറ്റമുണ്ട്. പരമ്പരയില്‍ 162 റണ്‍സെടുത്ത രോഹിത് ശര്‍മ്മ റാങ്കിങ്ങില്‍ 14ാം സ്ഥാനത്താണ്. രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 154 റണ്‍സ് നേടിയ രാഹുല്‍ 23 പോയന്റ് നേടി നാലാമതെത്തി. ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ച്, പാക് ഇടംകൈയന്‍ സ്പിന്നര്‍ ഇമാദ് വാസിം എന്നിവരാണ് റാങ്കിങ്ങില്‍ ഒന്നാമത്.

അതേസമയം വിവാഹത്തിനായി പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഹ്ലിയുടെ പോയന്റ് നില 824ല്‍ നിന്ന് 776 പോയിന്റിലേക്ക് താഴ്ന്നു. എന്നാല്‍ ഏകദിനത്തില്‍ ഒന്നാമതും ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യന്‍ നായകന്‍.