ധോണിക്ക് പകരക്കാരില്ല: 2019 ലോകകപ്പ് വരെ ധോണി തുടരുമെന്ന് ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്

single-img
24 December 2017

2019ലെ ഏകദിന ലോകകപ്പ് വരെ ധോണിക്ക് പകരക്കാരനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ലെന്ന് ഇന്ത്യയുടെ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്. ധോണി വഴിമുടക്കുന്നുവെന്നു പറയുന്ന യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ അടുത്തെത്താനുള്ള മികവുപോലുമില്ലെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യ എയുടെ പര്യടനങ്ങളില്‍ ചില യുവ വിക്കറ്റ് കീപ്പര്‍മാരെ നാം വളര്‍ത്തിക്കൊണ്ടു വന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അടുത്ത ലോകകപ്പ് വരെ ധോണിയുടെ പേരുതന്നെ ഉറപ്പിച്ച സ്ഥിതിയാണ്. അതിനുശേഷം ഇനി യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവസരം നല്‍കുന്നത് പരിഗണിക്കാമെന്നും പ്രസാദ് പറഞ്ഞു.

ഇപ്പോഴും ലോകത്തിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്ന് ഓരോ മല്‍സരം കഴിയുമ്പോഴും കൂടുതല്‍ വ്യക്തമാകുന്നുണ്ട്. നാം അത് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. ഇപ്പോള്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ത്തന്നെ ധോണി എടുത്ത ക്യാച്ചുകളും നടത്തിയ സ്റ്റംപിങ്ങുകളും എത്ര മനോഹരാണ് -– പ്രസാദ് ചൂണ്ടിക്കാട്ടി.

ഇപ്പോഴും ധോണിക്കൊപ്പം നില്‍ക്കാവുന്ന വിക്കറ്റ് കീപ്പര്‍മാര്‍ രാജ്യത്തുണ്ടെന്നു കരുതുന്നില്ല. ഇന്ത്യയില്‍ പോയിട്ട് ലോകത്തു പോലും അങ്ങനെയൊരു താരമുണ്ടോ? സംശയമാണ്. എങ്കിലും യുവതാരങ്ങള്‍ക്ക് ഇന്ത്യ എ ടീമില്‍ അവസരം നല്‍കുന്നത് തുടരും. അവിടെ അവര്‍ കഴിവു തെളിയിച്ചാല്‍ ബാക്കി നോക്കാം- പ്രസാദ് പറഞ്ഞു.