ഖത്തറുമായി കരയിലൂടെയുള്ള അതിർത്തി എന്നെന്നേക്കുമായി അടച്ച് സൌദി ഭരണകൂടം

single-img
21 December 2017

ഖത്തറുമായി കരമാർഗ്ഗം പങ്കിടുന്ന ഒരേയൊരു അതിർത്തി എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ സൌദി സർക്കാർ ഉത്തരവായി. ഖത്തർ അതിർത്തിയിലുള്ള സൽവാ ബോർഡർ ഗേറ്റ് സ്ഥിരമായി അടച്ചുപൂട്ടിക്കൊണ്ടുള്ള ഉത്തരവ് സൌദി സർക്കാരിന്റെ കസ്റ്റംസ് വിഭാഗം ചൊവ്വാഴ്ച്ചയാണു പുറപ്പെടുവിച്ചത്.

സൌദിയും ഖത്തറുമായി കഴിഞ്ഞ എട്ടുമാസമായി തുടർന്നുവരുന്ന നയതന്ത്ര സംഘർഷങ്ങളുടെ ബാക്കിപത്രമായാണു സൌദിയുടെ ഈ നീക്കം. ഇക്കഴിഞ്ഞ ജൂൺ 5-നാണു സൌദി അറേബ്യ, യു എ ഇ, ഈജിപ്റ്റ്, ബഹറിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര-വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തീവ്രവാദത്തിനു ധനസഹായം നൽകുന്നെന്നും സൌദി അടക്കമുള്ള രാജ്യങ്ങളുടെ പ്രധാന എതിരാളിയായ ഇറാനെ സഹായിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഉപരോധം.

ഉപരോധം പ്രഖ്യാപിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോഴായിരുന്നു സൽവ ബോർഡർ ഗേറ്റ് സൌദി ആദ്യം അടച്ചിട്ടത്. എന്നാൽ ഓഗസ്റ്റിൽ ഹജ്ജ് തീർത്ഥാടനസമയത്ത് അതിർത്തി രണ്ടാഴ്ച്ചത്തേയ്ക്ക് തുറന്നെങ്കിലും പിന്നീട് വീണ്ടും അടച്ചു.

ഖത്തറുമായുള്ള കര-വ്യോമഗതാഗതം നിർത്തിവെയ്ക്കാൻ ഈ നാലു അറബ് രാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. സൌദി കമ്പനികളിൽ ജോലി ചെയ്യുന്ന ഖത്തരി പൌരന്മാരോട് അവരുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാൻ കമ്പനി അധിക്ര്തർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഖത്തർ നിലവിൽ ഇത്തരം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.