സൗദി ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ചെലവ് കണക്കാക്കിയുള്ള ബജറ്റുമായി സല്‍മാന്‍ രാജാവ്

single-img
20 December 2017

 

 

റിയാദ്: സൗദി അറേബ്യയുടെ 2018ലെ ബജറ്റ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. വിവിധ പദ്ധതികള്‍ക്കായി ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ചെലവ് കണക്കാക്കിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. റിയാദിലെ അല്‍ യമാമ പാലസില്‍ ചേര്‍ന്ന പ്രതേൃക മന്ത്രിസഭയിലാണ് രാജാവ് ബജറ്റ് അവതരിപ്പിച്ചത്.

നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് 88 ബില്യന്‍ റിയാല്‍ അധികമാണ് അടുത്ത വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്. 2017ല്‍ 890 ബില്യന്‍ റിയാലിന്റെ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കില്‍ അടുത്ത വര്‍ഷം 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി സഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്.

അടുത്ത വര്‍ഷം 783 ബില്യന്‍ റിയാല്‍ വരുമാനം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 195 ബില്യന്‍ റിയാലിന്റെ കമ്മി മാത്രമാണ് ബജറ്റില്‍ ഉണ്ടാവുക. 2014 മുതല്‍ ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്.

സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. 2018 വര്‍ഷത്തില്‍ പൊതു സ്ഥാപനങ്ങള്‍ക്കുള്ള ചെലവ് 112 ബില്ല്യണ്‍ സൗദി റിയാലാണ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി എണ്ണേതര വരുമാനം ലക്ഷ്യമാക്കി 12 വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.