മധ്യപ്രദേശിൽ കരോളിനു പോയ മലയാളി കൃസ്തീയ പുരോഹിതന്മാർ അറസ്റ്റിൽ: പോലീസ് സ്റ്റേഷനിൽ ബജ്രഗ് ദൾ അക്രമം; പുരോഹിതന്മാർ വന്ന ഒരു കാർ കത്തിച്ചു

single-img
17 December 2017

ഫോട്ടോ : ANI

കരോളിനു പോയ കൃസ്തീയ പുരോഹിതന്മാരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന എന്ന സ്ഥലത്താണു മലയാളികൾ കൂടി അടങ്ങുന്ന കത്തോലിക്ക പുരോഹിതന്മാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബജ്രംഗ് ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണു പോലീസ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറിയെന്നും പുരോഹിതർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“നിങ്ങൾ കേരളത്തിൽ നിന്നും വരുന്നവരല്ലേ? ഇവിടെയെല്ലാവരും ഹിന്ദുക്കളാണു. നിങ്ങളെന്തുകൊണ്ടാണു ഹിന്ദുക്കളുടെ ഇടയിൽ മാത്രം മതം പ്രചരിപ്പിക്കുകയും അവരെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നത്? എന്തുകൊണ്ട് നിങ്ങൾ കശ്മീരിലേയ്ക്ക് പോയി അവിടുത്തെ മുസ്ലീങ്ങളെ കൃസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നില്ല.” എന്നാണു ഒരു പോലീസുദ്യോഗസ്ഥൻ തങ്ങളോട് ചോദിച്ചതെന്ന് പുരോഹിതന്മാർ പറയുന്നു.

സത്നയ്ക്കടുത്തുള്ള ഭുംഖാർ എന്ന ഗ്രാമത്തിൽ കരോൾ ഗാനം അവതരിപ്പിക്കാനും പെൺകുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുന്ന തെരുവുനാടകം അവതരിപ്പിക്കാനുമായാണു പുരോഹിതന്മാരും സെമിനാരി വിദ്യാർത്ഥികളുമടങ്ങുന്ന സംഘം പോയത്. എന്നാൽ പ്രദേശത്തെ ബജ്രംഗ് ദൾ പ്രവർത്തകർ പരിപാടി തടസപ്പെടുത്തുകയും തങ്ങൾ നിർബ്ബന്ധിത പരിവർത്തനം നടത്തുവാൻ വന്നതാണെന്നാരോപിച്ച് പോലീസിനെ വിളിക്കുകയും ചെയ്യുകയാണു ഉണ്ടായതെന്ന് പുരോഹിതന്മാർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പോലീസിനു മുന്നിലിട്ട് ബ്ജ്രംഗ് ദൾ പ്രവർത്തകർ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്.

പോലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയ ബജ്രംഗ് ദൾ പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പുരോഹിതന്മാർ വന്ന ഒരു കാറു കത്തിക്കുകയും ചെയ്തു. കാറു കത്തിച്ചതിനു വികാസ് ശുക്ല എന്ന പതിനെട്ടുവയസ്സുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിക്കുന്നു. വികാസ് ശുക്ല ബജ്രംഗ്ദൾ പ്രവർത്തകനാണു.

പോലീസ് സ്റ്റേഷനിൽ തടങ്കലിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ പുരോഹിതന്മാരെ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയ ബജ്രംഗ് ദൾ പ്രവർത്തകർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായും പരാതിയുണ്ട്.

എന്നാൽ ധർമ്മേന്ദ്ര ദോഹാർ എന്നയാളെ നിർബ്ബന്ധിതമായി കൃസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്തതായി പരാതി ലഭിച്ചതിനെത്തുടർന്നാണു ഇവരെ അറസ്റ്റ് ചെയ്തതെന്നാണു പോലീസിന്റെ വാദം. തനിക്കു അയ്യായിര രൂപ തന്നതിനു ശേഷം തന്നെ അടുത്തുള്ള ചെറിയ കുളത്തിൽ മാമോദീസ മുക്കി മതം മാറ്റി ധർമ്മേന്ദ്ര തോമസ് ആക്കിമാറ്റിയെന്നാരോപിച്ച് ധർമ്മേന്ദ്ര തന്നെയാണു പോലീസിൽ പരാതിപ്പെട്ടത്. ഈ പരാതിയിന്മേലാണു പുരോഹിതന്മാരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.

എന്നാൽ ബജ്രംഗ് ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ നിന്നും പോയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ താൻ കഴിഞ്ഞ ഒരുവർഷമായി ബജ്രംഗ് ദൾ പ്രവർത്തകനാണെന്ന് ധർമ്മേന്ദ്ര സമ്മതിച്ചു. തന്റെ നേതാക്കൾ പറഞ്ഞിട്ടാണു ഇത്തരമൊരു അവകാശവാദമുന്നയിച്ചതെന്ന് ധർമ്മേന്ദ്ര മാധ്യമങ്ങളോട് സമ്മതിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

പുരോഹിതന്മാരും സെമിനാരി വിദ്യാർത്ഥികളുമടങ്ങുന്ന 42 പേരെ ബജ്രംഗ് ദൾ പ്രവർത്തകർ ബലം പ്രയോഗിച്ച് പോലീസ് സ്റ്റേഷനിലെത്തിക്കുകയും കേസ് രജിസ്റ്റർ ചെയ്യാൻ നിർബ്ബന്ധിക്കുകയുമായിരുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.