‘200 രൂപ നോട്ടില്‍ രോഹിത്തിന്റെ ചിത്രം അച്ചടിക്കേണ്ട സമയം അതിക്രമിച്ചു’

single-img
14 December 2017

ഏകദിന ചരിത്രത്തില്‍ ആദ്യമായി മൂന്ന് ഇരട്ട ശതകങ്ങളെന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച രോഹിത് ശര്‍മയുടെ വെടിക്കെട്ടാണ് കായിക ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഇതിഹാസമെന്ന് പേര് രേഖപ്പെടുത്തിയിരിക്കുകയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ.

ക്രിക്കറ്റിലെ ഇരട്ടചങ്കന്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ രോഹിതിനെ വിളിക്കുന്നത്. ഇതിനിടെയാണ് റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും ചേര്‍ക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നുണ്ട്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവിശ്വസനീയമായി ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്ന രോഹിത്ത് ക്രിക്കറ്റ് മഹാരഥന്മാരുടെ ഗണത്തിലേക്കാണ് വാഴ്ത്തപ്പെടുന്നത്. രോഹിത്ത് ഡബിള്‍ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്റെ പക്ഷം

പതുക്കെ തുടങ്ങി, നിലയുറപ്പിച്ച ശേഷം ബൗളര്‍മാരെ തച്ചുതകര്‍ത്താണ് രോഹിത് ശര്‍മ്മ മൂന്നാം ഇരട്ട സെഞ്ചുറി നേടിയത്. ശ്രീലങ്കക്കെതിരെ 115 പന്തില്‍ സെഞ്ചുറി നേടിയ രോഹിതിന് ഇരട്ട സെഞ്ചുറി നേടാന്‍ പിന്നീടുള്ള 36 പന്തുകളെ വേണ്ടിവന്നുള്ളൂ. 40ാം ഓവറില്‍ വ്യക്തതിഗത സ്‌കോര്‍ 101ല്‍ നിന്ന രോഹിത് അവസാന ഓവറിലെത്തിയപ്പോള്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കി.

12 കൂറ്റന്‍ സിക്‌സറുകളും 13 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ ധവാനൊപ്പം 115 റണ്‍സെടുത്ത രോഹിത്, രണ്ടാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 213 റണ്‍സും കൂട്ടിച്ചേര്‍ത്തു. പതുക്കെ തുടങ്ങിയ രോഹിത് സെഞ്ചുറി നേടിയ ശേഷം അവസാന ഓവറുകളില്‍ ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പായിക്കുന്നതാണ് കണ്ടത്.