യുഎഇയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ കേന്ദ്രം

single-img
13 December 2017

ദുബായ്: യുഎഇയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മഴയുടെ തോത് വ്യത്യസ്തമാകുമെങ്കിലും പലയിടങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. അതേസമയം കാറ്റും മഴയും ദൂരക്കാഴ്ച കുറയ്ക്കുമെന്നും വാഹനം ഓടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മാത്രമല്ല വാദികളുടെയും ജലസംഭരണികളുടെയും സമീപം പോകരുതെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കടലില്‍ കുളിക്കാന്‍ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിലും ട്വിറ്റര്‍ പേജിലും വിവരങ്ങള്‍ തത്സമയം ലഭ്യമാകും.