കുവൈത്തില്‍ നിന്ന് പ്രവാസികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ നടപടി

single-img
13 December 2017

കുവൈത്ത്‌സിറ്റി: സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന വിദേശികളെ ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

രാജ്യത്ത് 14,000 സ്വദേശികള്‍ തൊഴിലിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെ വിവധ മന്ത്രാലയങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. അതേസമയം ചില വകുപ്പുകളില്‍ വിദഗ്ധരുടെ സേവനം ആവശ്യമുള്ളതിനാല്‍ വിദേശികളെ നിയമിക്കുമെങ്കിലും പ്രതിമാസ ശമ്പളത്തിനു പുറമെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡിന്റെ തീരുമാനം.

വിദേശികളുടെ സേവനം ആവശ്യമുള്ള മന്ത്രാലയങ്ങള്‍ ബന്ധപ്പെട്ട മന്ത്രിയുടെ അനുമതി വാങ്ങണമെന്ന നിര്‍ദേശവും സിവില്‍ സര്‍വീസ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശികളെ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്ന നടപടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി സിവില്‍ സര്‍വീസ് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് നിരന്തരമായി സിവില്‍ സര്‍വീസ് കമ്മിഷന്‍ സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് വീണ്ടും വിദേശികളെ ഒഴിവാക്കുന്ന നടപടി ആരംഭിക്കുച്ചത്. ചില പ്രത്യേകമേഖലകളില്‍ ഡേറ്റാ പ്രോസസേഴ്‌സ്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, എജ്യുക്കേഷണല്‍ സര്‍വീസ്, സെക്രട്ടറിമാര്‍, ടൈപ്പിസ്റ്റ്, ക്ലര്‍ക്ക്, ഓപ്പറേറ്റേഴ്‌സ്, സെക്യൂരിറ്റി, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ തസ്തികകള്‍ കുവൈത്ത് സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെക്കണമെന്നും സിവില്‍ സര്‍വീസ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

നിലവില്‍ വിദേശികള്‍ കൂടുതലായി തൊഴില്‍ചെയ്യുന്ന മേഖല കുവൈത്ത് ആരോഗ്യമന്ത്രാലയമാണ്. നഴ്‌സസ്, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റുകള്‍ തുടങ്ങി വിവിധ തസ്തികകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത്.