ദുബായ് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

single-img
12 December 2017


ഡിസംബര്‍ 14 വ്യാഴാഴ്ച മുതല്‍ ആളുകള്‍ അവധി ആഘോഷിക്കാനും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന വാരാന്ത്യമായിരിക്കും 2017ലെ യാത്രക്കാരുടെ ഏറ്റവും തിരക്കുള്ള സമയമെന്ന് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി എമിറേറ്റ്‌സ് അറിയിച്ചു.

വിമാനത്താവളത്തിനുചുറ്റും റോഡ് വികസനത്തിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത്  വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പുതന്നെ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ എത്തണമെന്ന് എമിറേറ്റ്‌സ് ഓര്‍മിപ്പിക്കുന്നു.

യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് മുതല്‍ 90 മിനിറ്റ് വരേക്കും ഓണ്‍ലൈന്‍ ബുക്കിങ്ങിന് അവസരമുണ്ട്. കാര്‍ പാര്‍ക്കിങ്ങിലും ചെക്ക് ഇന്‍ ചെയ്യാനായി 16 കൗണ്ടറുകള്‍ തയ്യാറാണ്. വിമാനം പുറപ്പെടുന്നതിന് 45 മിനിറ്റ് മുമ്പ് ബോര്‍ഡിങ് തുടങ്ങും. 20 മിനിറ്റ് മുന്‍പ് ഗേറ്റുകള്‍ അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വാരാന്ത്യം ഏതാണ്ട് 420,000ല്‍ അധികം യാത്രക്കാര്‍ എമിറേറ്റ്‌സ് ടെര്‍മിനല്‍ മൂന്നു വഴി കടന്നു പോകുമെന്നാണ് സൂചന. ഏറ്റവും തിരക്കുള്ള ദിവസം ഡിസംബര്‍ 15 വെള്ളിയാഴ്ചയായിരിക്കുമെന്നും വിമാന കമ്പനി പറയുന്നു. തിരക്ക് മുന്‍നിര്‍ത്തി യാത്രക്കാര്‍ അവരുടെ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും എമിറേറ്റ്‌സ് അറിയിച്ചു.