സൗദിയില്‍ വിസ കാലാവധി കഴിഞ്ഞ് രാജ്യം വിട്ടില്ലെങ്കില്‍ തടവും പിഴയും ശിക്ഷ; ‘ആശ്രിത വിസയിലുള്ളവര്‍ക്കും നിയമം ബാധകം’

single-img
11 December 2017

സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് എത്തിയവര്‍ അനുവദിച്ച വിസ കാലാവധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ 50,000 റിയാല്‍ വരെ പിഴയും ആറ് മാസം തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. വിദേശികളുടെ ആശ്രിത വിസയിലുള്ളവര്‍ക്കും നിയമം ബാധകമാണ്. ജവാസാത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സ്‌പോണ്‍സര്‍ വിദേശിയാണെങ്കില്‍ പിഴക്കും തടവിനും പുറമെ നാടുകടത്തലും ഉണ്ടാകും. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുടെ സ്‌പോണ്‍സര്‍ക്ക് ആദ്യ തവണ 25,000 റിയാലാണ് പിഴ ചുമത്തുക. രണ്ടാം തവണ ആവര്‍ത്തിച്ചാല്‍ 25,000 പിഴക്ക് പുറമെ മൂന്ന് മാസം തടവും ശിക്ഷ ലഭിക്കും.

മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ 50,000 റിയാല്‍ പിഴയും ആറ് മാസം തടവുമാണ് ശിക്ഷ. വിദേശികള്‍ കുടുംബാംഗങ്ങളെ റിക്രൂട്ട് ചെയ്ത് അനധികൃതമായി രാജ്യത്ത് കഴിഞ്ഞാലും ഇതേ ശിക്ഷ ലഭിക്കും. കൂടാതെ വിദേശിയെ നാടുകടത്തുകയും ചെയ്യും.