ഖത്തര്‍ പ്രതിസന്ധി: പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് ഉടനെന്ന് യു.എന്‍

single-img
11 December 2017

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളുടെ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് യു.എന്‍. യു.എന്‍. മനുഷ്യാവകാശസമിതിയുടെ മേഖലാ പ്രതിനിധിയായ ജോര്‍ജ് അബു അല്‍ സുലോഫാണ് ഇക്കാര്യം അറിയിച്ചത്.

ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ മനുഷ്യാവകാശസമിതിയുടെയും മറ്റ് യു.എന്‍. മെക്കാനിസത്തിന്റെയും കീഴിലുള്ള പ്രധാന രേഖയായി റിപ്പോര്‍ട്ട് മാറുമെന്നും അല്‍ സുലോഫ് പറഞ്ഞു. മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റേതാണ് കണ്ടെത്തലുകള്‍.

കഴിഞ്ഞ മാസമായിരുന്നു യു.എന്‍. പ്രതിനിധിസംഘം ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദോഹ സന്ദര്‍ശിച്ചത്. ഉപരോധത്തിന്റെ ദുരിതബാധിതരുടെ പരാതികള്‍ അഭിസംബോധന ചെയ്യുന്നതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ റിപ്പോര്‍ട്ടിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

മതപരമായ അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള അവകാശങ്ങളുടെ ധ്വംസനങ്ങളുടെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തെക്കുപടിഞ്ഞാറന്‍ ഏഷ്യയുടെയും അറബ് മേഖലയുടെയും ദോഹ ആസ്ഥാനമായുള്ള യു.എന്‍. മനുഷ്യാവകാശ പരിശീലനഡോക്യുമെന്റേഷന്‍ സെന്ററിന്റെ മേധാവികൂടിയാണ് അല്‍ സുലോഫ്.

നവംബറില്‍ ദോഹയിലെത്തിയ യു.എന്‍. മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ ഓഫീസിലെ പ്രതിനിധിസംഘം പ്രത്യാഘാതം നേരിട്ട് അനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ മനുഷ്യാവകാശകമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് യു.എന്‍. സംഘം ദോഹയിലെത്തിയത്.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ജൂണ്‍ അഞ്ചിനാണ് ഖത്തറിനുമേല്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ നയതന്ത്ര സാമ്പത്തിക, കര, വ്യോമ, അതിര്‍ത്തി ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധത്തെത്തുടര്‍ന്ന് മിശ്രവിവാഹിതരായ നിരവധി കുടുംബങ്ങള്‍ വേര്‍പിരിയുകയും തൊഴില്‍, സ്വത്ത്, വിദ്യാഭ്യാസം, ചികിത്സ, സഞ്ചാരം തുടങ്ങിയ മൗലിക മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ദേശീയ മനുഷ്യാവകാശകമ്മിറ്റിയുടെ ആദ്യ രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉപരോധം നേരിട്ട് ബാധിച്ചത് 13,314 പേരെയാണ്. സൗദി സഖ്യങ്ങളിലെ 11,387 അറബ് പൗരന്മാരാണ് ദോഹയില്‍ ജീവിക്കുന്നത്.