കേരളത്തില്‍ ഹൃദ്രോഗികളുടേയും പ്രമേഹരോഗികളുടേയും എണ്ണം കൂടുന്നു

single-img
10 December 2017

തിരുവനന്തപുരം: കേരളത്തില്‍ ജീവിതശൈലി രോഗങ്ങള്‍ പിടിമുറുക്കുന്നതായി പഠന റിപ്പോര്‍ട്ട്. ശൈശവദശയില്‍ തന്നെ രോഗ ബാധിതരാകുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആയുര്‍ ദൈര്‍ഘ്യം കൂടുകയാണെന്നും പഠനം വിശദമാക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പബ്ലിക് ഹെല്‍ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ എന്നി സംഘടനകള്‍ സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടേയും അനുബന്ധ അസുഖങ്ങളുടേയും ആക്കം കുറയ്ക്കാന്‍ ആയിട്ടുണ്ടെങ്കിലും ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. കേരളം കൂടാതെ ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കിയിട്ടുള്ളത്.

കേരളത്തില്‍ ഹൃദ്രോഗികളുടേയും പ്രമേഹരോഗികളുടേയും എണ്ണവും വല്ലാതെ കൂടുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതില്‍ മുതിര്‍ന്നവരെന്നോ കുട്ടികളാണെന്നോ എന്നതില്‍ വലിയ വ്യത്യാസവും ഉണ്ടായിട്ടില്ല. പഞ്ചാബ് , തമിഴ്‌നാട് , ആന്ധ്രാപ്രദേശ് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. ശൈശവ ദശയില്‍ തന്നെ രോഗബാധ ഉണ്ടായിട്ടും കേരളത്തിലെ സ്ത്രീ പുരുഷന്മാരില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 79ലേക്കും പുരുഷന്മാരുടേത് 74ലേക്കും ഉയര്‍ന്നിട്ടുണ്ട്.