ഗള്‍ഫിലുള്ള മകന്റെ അസുഖം മാറാന്‍ ഉമ്മ മന്ത്രിച്ചൂതിയ ഏലസ്സും തകിടും അയച്ചു കൊടുത്തു: അവസാനം മകന്‍ ക്രിമിനല്‍ കോടതി കയറേണ്ടി വന്നു

single-img
8 December 2017

ഈ ഒരു സംഭവം എല്ലാ പ്രവാസികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. മന്ത്രിച്ചൂതിയ ‘രോഗ ശമനികള്‍’ ഒന്നും ഗള്‍ഫിലേക്ക് അയച്ചു കൊടുക്കരുത്. മുപ്പത് വയസ്സുള്ള പ്രവാസി യുവാവിനാണ് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്.

ഉറക്കത്തില്‍ ഞെട്ടി ഉണരുക, മാനസിക പിരിമുറുക്കം എന്നിവ അനുഭവിക്കുന്നതായി മകന്‍ നാട്ടിലുള്ള മാതാവിനോട് ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. മകന്റെ രോഗം കേട്ടശേഷം മനസ്സലിഞ്ഞ മാതാവ് അറിയാവുന്ന മന്ത്രവാദിയില്‍ നിന്നും ഏലസ്സും തകിടും തുണിക്കഷണത്തില്‍ എഴുതി തയാറാക്കിയ വസ്തുക്കളും മകന് തപാല്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു.

തപാലില്‍ എത്തിയ വസ്തു സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോള്‍ അറബി തലങ്ങും വിലങ്ങും എഴുതിയ ലിഖിതങ്ങള്‍. ഉടന്‍ തന്നെ പൊലീസ് വിലാസം നോക്കി കേസെടുത്തു. അല്‍ഐന്‍ ക്രിമിനല്‍ കോടതിയില്‍ എത്തിയ കേസില്‍ ഉരുപ്പടി ഉടമയ്ക്ക് 5000 ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിച്ചു.

പിന്നീട് വിധിക്കെതിരെ പരാതിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. പാര്‍സലായി എത്തിയ വസ്തുക്കള്‍ മതകാര്യ വകുപ്പിലെ പണ്ഡിതന്മാരുടെ സന്നിധ്യത്തില്‍ പരിശോധിക്കാന്‍ കോടതി പ്രതിനിധിയെ നിയമിച്ചു. മാതാവ് അയച്ചുകൊടുത്ത വസ്തുക്കളില്‍ മകന്‍ കുറ്റക്കാരല്ലെന്നും മറ്റു ലക്ഷ്യങ്ങള്‍ ഒന്നും ഇയാള്‍ക്കില്ലെന്നും കോടതി പ്രതിനിധി റിപ്പോര്‍ട്ട് നല്‍കി.

ഇത്തരം പ്രവൃത്തികളും വസ്തുക്കളും രാജ്യത്ത് നിരോധിച്ചതാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഏഷ്യന്‍ വംശജനായ ഇയാള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ കോടതി കുറ്റവിമുക്തനാക്കിയത്.