കോഹ്‌ലി-അനുഷ്‌ക ശര്‍മ്മ വിവാഹം അടുത്താഴ്ച

single-img
7 December 2017
ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്ക് ആവേശമുള്ള കാര്യമാണ്. ഒരിക്കല്‍ പിരിഞ്ഞെങ്കിലും പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും ഉടന്‍ വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 9 ന് ഇറ്റലിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക എന്നാണ് അറിയുന്നത്.

എന്നാല്‍, വിവാഹ വാര്‍ത്ത ശരിവച്ച് അനുഷ്‌കയോ കോഹ്‌ലിയോ രംഗത്ത് വന്നിട്ടില്ല. കോഹ്‌ലി നാളെ ഇറ്റലിയിലേക്ക് തിരിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്പതാം തീയതി മുതല്‍ 12ാം തീയതി വരെയാകും വിവാഹ ചടങ്ങുകളെന്നാണ് അഭ്യൂഹം.

അനുഷ്‌കയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച പ്രമുഖ ഫാഷന്‍ ഡിസൈനല്‍ സബ്യസാചിമുഖര്‍ജിയെ പാപ്പരാസികള്‍ കണ്ടിരുന്നു. വിവാഹ വസ്ത്രം ഡിസൈന്‍ ചെയുന്നത് ചര്‍ച്ച ചെയ്യാനാണ് സബ്യസാചി മുഖര്‍ജി എത്തിയതെന്നാണ് വാര്‍ത്തകള്‍. വിരാടിന്റെ കുടുംബം മിലനില്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങായിരിക്കും വിവാഹം എന്നാണ് സൂചന. അതേസമയം ഈ വാര്‍ത്തകളെല്ലാം തള്ളി അനുഷ്‌കയുടെ വക്താവ് രംഗത്തെത്തി. ഡിസംബര്‍ രണ്ടാം വാരം വിരാടും അനുഷ്‌കയും തമ്മില്‍ വിവാഹിതരാകുമെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് താരത്തിന്റെ വക്താവ് പറയുന്നു.

2013 ല്‍ ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചത് മുതലാണ് കോഹ്‌ലിയും അനുഷ്‌കയും അടുത്ത് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് കോഹ്‌ലിയുടെ മത്സരങ്ങളിലെ അനുഷ്‌കയുടെ സാന്നിധ്യം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു.

പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കാറുണ്ടായിരുന്നത്. അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്‌ലി ഫെബ്രുവരിയിലാണ് പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി അനുഷ്‌ക്കയോടുളള പ്രണയം തുറന്ന് പറഞ്ഞത്.

അനുഷ്‌ക്ക കൂടെയുണ്ടാകുമ്പോള്‍ എനിക്കെല്ലാ ദിവസവും വാലന്റിന്‍ ദിനമാണെന്നാണ് കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌കയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കില്ലെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.