ലൈംഗികത സുഖകരമാക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

single-img
7 December 2017

മനുഷ്യ ശരീരത്തിലെ സന്തോഷത്തെയും സമ്പൂര്‍ണതയെയും നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലൈംഗികത. അതുകൊണ്ടാണ് ലൈംഗികതയ്ക്കുള്ള പ്രാധാന്യം പൂര്‍വികരായ ഋഷിവര്യന്‍മാര്‍വരെ എടുത്തു പറയുന്നത്. വാത്സ്യായനമുനിയെപ്പോലുള്ളവര്‍ ലൈംഗികതയെ ഒരു ശാസ്ത്രമായി വികസിപ്പിച്ചിട്ടുമുണ്ട്.

ദമ്പതികള്‍ക്കിടയിലെ ശാരീരിക മാനസികബന്ധം ഊട്ടി ഉറപ്പിക്കാന്‍ ലൈംംഗികതയ്ക്കു കഴിയുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് തന്നെ ലൈംഗിക ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കും.

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പല പുരുഷന്മാരും അനുഭവിക്കുന്ന ലൈംഗികപ്രശ്‌നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ചിലരില്‍ ജനിതക പ്രശ്‌നങ്ങള്‍ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം.

സമയക്കുറവു പരിഹരിക്കുകയെന്നതു വിജയകരമായ ദാമ്പത്യജീവിതത്തില്‍ പ്രധാനമാണ്. ഇടയ്‌ക്കൊക്കെ ശീഘ്രസ്ഖലനം സംഭവിക്കുന്നതു സ്വാഭാവികമാണെങ്കിലും സ്ഥിരമായി ശീഘ്രസ്ഖലനവും സമയക്കുറവു മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുവെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം. ജീവിതചര്യകളും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. ചില കാര്യങ്ങള്‍ ചുവടെ:

1. കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കഴിക്കാം

വെജിറ്റേറിയന്മാരായ പുരുഷന്മാര്‍ക്കു ലൈംഗികവേഴ്ചയ്ക്കു കൂടുതല്‍ സമയം കിട്ടുമെന്നാണു പഠനങ്ങള്‍ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലുംനിന്നു ലഭിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷകങ്ങള്‍ കൂടുതല്‍ സ്റ്റാമിന നല്‍കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുംമുന്‍പ് ഏത്തപ്പഴം കഴിക്കുന്നതു നല്ലതാണ്. ഏത്തപ്പഴത്തില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ഗ്ലൂക്കോസിന്റെയും കലവറയാണിത്. ഇവ രണ്ടും ലൈംഗികബന്ധത്തിനു കൂടുതല്‍ ശേഷിയും സമയവും നല്‍കാന്‍ സഹായിക്കും.

ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുന്നതു സമയദൈര്‍ഘ്യം ലഭിക്കാന്‍ നല്ലതാണ്. നെല്ലിക്കയില്‍ അയണിന്റെയും സിങ്കിന്റെയും ഘടകങ്ങള്‍ ധാരാളമുണ്ട്.

ലൈംഗികവേഴ്ചയ്ക്കു മുന്‍പു സ്‌ട്രോബറി കഴിച്ചാല്‍ ഉന്മേഷവും കൂടുതല്‍ സമയവും കിട്ടും.

2. പുകവലി കുറയ്ക്കുക

പുരുഷന്മാരുടെ ലൈംഗികശേഷിയെ സാരമായി ബാധിക്കുന്നതാണു പുകവലി. പുകവലി രക്തക്കുഴലുകളെ കട്ടിയാക്കുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. സ്ഥിരമായി പുകവലിക്കുന്ന ഒരാള്‍ക്ക്, പുകവലിക്കാത്തവര്‍ക്കു ലഭിക്കുന്നതിന്റെ പാതിയോളം സമയമേ ലൈംഗികവേഴ്ചയ്ക്കു കിട്ടൂ എന്നാണു വിദഗ്ധരുടെ കണ്ടെത്തല്‍. ഇക്കൂട്ടരില്‍ മറ്റു ലൈംഗിക പ്രശ്‌നങ്ങളും പതിവാണ്.

3. കൈകാലുകള്‍ക്കും വയറിനും നല്ല വ്യായാമം വേണം

പതിവായി വ്യായാമം ചെയ്യുന്നവര്‍ ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരാണ്. കൈകാലുകളുടെയും വയറിന്റെയും പേശികള്‍ കരുത്തുറ്റതാണെങ്കില്‍ ലൈംഗികവേഴ്ചയ്ക്കു കൂടുതല്‍ സമയം കിട്ടും. പതിവായി ബൈസെപ്‌സിനും ട്രൈസെപ്‌സിനുമുള്ള വ്യായാമം (കൈകളിലെ മസിലുകള്‍ക്കുള്ള വ്യായാമം) ചെയ്താല്‍ സമയക്കുറവിന്റെ പ്രശ്‌നം പരിഹരിക്കാം. ബോഡി വെയ്റ്റ് എക്‌സര്‍സൈസും നല്ലതാണ്. ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളാണ് ഇവയെല്ലാം. ഭുജംഗാസനം അടക്കമുള്ള യോഗമുറകളും ലൈംഗികവേഴ്ചയ്ക്കു കൂടുതല്‍ സമയം നല്‍കാന്‍ സഹായിക്കുന്നതാണ്.

4. കെഗിള്‍സ് എക്‌സര്‍സൈസ്

കെഗിള്‍സ് എക്‌സര്‍സൈസ്, പെല്‍വിക് ഫ്‌ലോര്‍ എക്‌സര്‍സൈസ് എന്നിവ ലൈംഗികവേഴ്ചയ്ക്കു സമയക്കൂടുതല്‍ നല്‍കുന്നവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. താഴെ പറയുന്ന വിധം ഇതു ചെയ്യാം:

നിവര്‍ന്നു നിന്ന് ഒരു കാല്‍ മുന്നോട്ടും മറ്റേ കാല്‍ പിന്നോട്ടും വച്ചു നില്‍ക്കുക. രണ്ടു പാദങ്ങളും തമ്മില്‍ ഒരു മീറ്ററോളം അകലം വേണം. മുന്‍വശത്തെ മുട്ട് മെല്ലെ വളച്ച് ഇടുപ്പു ഭാഗം മുന്നോട്ടു തള്ളി നില്‍ക്കുക. 30 സെക്കന്‍ഡ് ഇതേരീതി തുടരുക. രണ്ടു കാലും മാറി മാറി ചെയ്യുക. പത്തു തവണയെങ്കിലും ആവര്‍ത്തിക്കുക.

5. എഡ്ജിങ് പരിശീലിക്കുക

സമയക്കുറവു സ്വയം പരിഹരിക്കാവുന്ന ലളിതമായ രീതിയാണ് എഡ്ജിങ്. ലൈംഗികവേഴ്ച സ്ഖലനത്തോടടുക്കുമ്പോള്‍ പെട്ടെന്ന് എല്ലാ ചലനങ്ങളും നിര്‍ത്തുക. കുറച്ചു സമയത്തിനുശേഷം വീണ്ടും തുടങ്ങുക. ഇതു ലൈംഗികവേഴ്ചയ്ക്കു കൂടുതല്‍ നിയന്ത്രണവും സമയവും നല്‍കും.

6. നല്ല ഉറക്കം കൂടിയേ തീരൂ

ദിവസം അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാത്ത പുരുഷന്മാരില്‍ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കുറവായിരിക്കും. അത് ലൈംഗികശേഷി കുറയ്ക്കും. അതിനാല്‍ ദിവസം എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

കടപ്പാട്: മനോരമ