ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് തിരിച്ച ഒമ്പത് ശ്രീലങ്കന്‍ താരങ്ങളെ സര്‍ക്കാര്‍ തടഞ്ഞു

single-img
6 December 2017

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് തിരിച്ച ഒമ്പത് ശ്രീലങ്കന്‍ താരങ്ങളെ സര്‍ക്കാര്‍ തടഞ്ഞു. ശ്രീലങ്കയിലെ നിയമമനുസരിച്ച് വിദേശ പര്യടനം നടത്തുന്നതിന് കായിക മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍, ഈ താരങ്ങള്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കായിക മന്ത്രി ദയാസിരി ജയശേഖര ടീമംഗങ്ങളുടെ യാത്ര തടഞ്ഞത്.

തിങ്കളാഴ്ച രാത്രി ടീമംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവരെ പിന്‍വലിക്കാനുള്ള കായികവകുപ്പ് മന്ത്രി ദയാസിരി ജയശേഖരയുടെ നിര്‍ദേശം എത്തുന്നത്. അതേസമയം ടീം തെരഞ്ഞെടുപ്പില്‍ അതൃപ്തിയുള്ളതിനാലാണ് മന്ത്രി കളിക്കാരെ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മടക്കി വിളിക്കപ്പെട്ടവരില്‍ ശ്രീലങ്കയുടെ ഏകദിന ക്യാപ്റ്റന്‍ തിസേരാ പെരേരയും ഉള്‍പ്പെടുന്നു. ഏകദനി പരമ്പരയ്ക്കായി തെരഞ്ഞെടുത്ത ടീമിനെ മന്ത്രി അംഗീകരിക്കുന്നതിന് മുമ്പേ ഇന്ത്യയിലേക്ക് പോകാന്‍ അനുമതി നല്‍കിയത് ജയശേഖരയെ ചൊടിപ്പിച്ചതായി കായിക മന്ത്രാലയം അറിയിച്ചു.

1973 ലെ നിയമമനുസരിച്ച് ടീമില്‍ മാറ്റം വരുത്താന്‍ മന്ത്രിക്ക് അധികാരമുണ്ട്. നിലവിലെ ടീമില്‍ രണ്ട് മാറ്റം വരുത്താന്‍ മന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. തിസര പെരേരയ്ക്ക് പുറമെ ഉപുല്‍ തരംഗ, ഡി. ഗുണതിലക, ആഷ്്‌ലെ ഗുണ രത്‌ന, സി ഡിസില്‍വ, എസ്. പതിരാന, ഡി. ചമീര, നുവാന്‍ പ്രദീപ് എന്നിവരെയാണ് മന്ത്രി മടക്കിവിളിച്ചത്.

ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചുവരുകയാണ്. ശ്രീലങ്കന്‍ ടീം ഈ വര്‍ഷം 21 ഏകദിനങ്ങളില്‍ തോറ്റു. വിജയിക്കാനായത് നാലെണ്ണത്തില്‍ മാത്രം. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര ഡിസംബര്‍ 10 ന് ആരംഭിക്കും. ധര്‍മശാലയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം 13 ന് മൊഹാലിയിലും അവസാന മത്സരം 17 ന് വിശാഖപട്ടണത്തും നടക്കും.