യു.എ.ഇ.യില്‍ പ്രവാസി തൊഴിലാളികൾക്ക് ഇനിമുതൽ ചിലവേറും: കമ്പനികള്‍ക്കും അധികബാധ്യത

single-img
5 December 2017

യു.എ.ഇ.യില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന രീതി പരിഷ്‌കരിച്ചു. തിങ്കളാഴ്ച പ്രാബല്യത്തില്‍വന്ന പുതിയ രീതിയനുസരിച്ച് വിദേശ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റിന്റെ ഫീസുകള്‍ പുതുക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കമ്പനികളെ ജീവനക്കാരുടെയും പ്രവര്‍ത്തനരീതികളുടെയും അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുമുണ്ട്.

ഓരോ വിഭാഗത്തിലെയും വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ വ്യത്യസ്തമാണ്. ജീവനക്കാരെ മാറ്റുന്നതിനും നിരക്കുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ഫലത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും അധികബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്‌കാരം.

യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയപരിഷ്‌കാരം നടപ്പാക്കുന്നത്. സ്വദേശികളെയും അറബ് രാഷ്ട്രങ്ങളില്‍നിന്നുള്ളവരെയും തൊഴിലാവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെയും മീന്‍പിടിത്ത ബോട്ടുമായി ബന്ധപ്പെട്ട കമ്പനികളെയും ഫീസ് നിരക്കേര്‍പ്പെടുത്തുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.

മറ്റുള്ളവര്‍ക്കെല്ലാം പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തി. മൂന്നുതരത്തിലാണ് കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. ജീവനക്കാരുടെ തൊഴില്‍ വൈദഗ്ധ്യം, രാഷ്ട്രം, സ്ഥാപനത്തിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത്.

സ്വദേശികളുടെയും സ്വദേശി സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള മീന്‍പിടിത്ത ബോട്ടുകള്‍, തദ്ബീറിന്റെ പുതിയ സേവനകേന്ദ്രങ്ങള്‍, യുവസംരംഭസഹായ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇതില്‍ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നത്. രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ ജീവനക്കാരുടെ വൈദഗ്ധ്യത്തിന്റെയും എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.