സൗദിയില്‍ അറസ്റ്റിലായ മലയാളികള്‍ ജയില്‍മോചിതരായി: കേസെടുക്കാതെ വിട്ടയച്ചത് ഇന്ത്യന്‍ എംബസിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്

single-img
5 December 2017

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹസ്സ നഗരത്തില്‍ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മലയാളികള്‍ ജയില്‍ മോചിതരായി. നാല് മലയാളികളാണ് പത്തു ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്.

ഇന്ത്യന്‍ എംബസി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് യാതൊരു കേസും രേഖപ്പെടുത്താതെ മലയാളികളെ സൗദിയില്‍ തന്നെ പുറത്തിറക്കാനായത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള സാഹിത്യ പരിപാടി മാത്രമാണ് നടത്താന്‍ ശ്രമിച്ചതെന്നും അതിനായി പ്രചാരണങ്ങളോ പ്രത്യേകിച്ച് മറ്റെന്തെങ്കിലുമോ ചെയ്തിരുന്നില്ലെന്നും എംബസി സൗദി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു.

ഇത് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിടിയിലായവരെ വിട്ടയച്ചത്. ആര്‍.എസ്.സിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യോത്സവം അല്‍ഹസ്സയില്‍ നടക്കേണ്ടതിന്റെ തലേ ദിവസം പൊലീസെത്തി സംഘാടകരായ നാലു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരം പരിപാടികള്‍ നടത്താന്‍ സൗദി അധികൃതരുടെ ഉപദേശം തേടുമെന്ന് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സില്‍ അനില്‍ നോട്ടിയാല്‍ പറഞ്ഞു. അല്‍ഹസ്സയിലെ എംബസി വളന്‍ന്റിയര്‍മാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ മുന്‍കൂട്ടി അനുവാദമില്ലാതെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നിരോധനമുണ്ട്. മുന്‍കൂട്ടി അനുവാദമില്ലാതെ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും നിരവധി പരിപാടികള്‍ ഹോട്ടലുകളിലും മറ്റും മലയാളികളുടെതായി അരങ്ങേറാറുണ്ട്.

പ്രവാസ രാജ്യങ്ങളിലെ നിയമ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും അവ ലംഘിച്ചാലുള്ള പ്രത്യാഘാതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ നയതന്ത്ര കേന്ദ്രങ്ങള്‍ ഇന്ത്യക്കാരെ ഉപദേശിച്ചു.