സൗദിയിലെ സ്വര്‍ണക്കടകളില്‍ നിന്ന് പ്രവാസികളെ പുറത്താക്കി

single-img
4 December 2017

സൗദി അറേബ്യയിലെ സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രാബല്യത്തിലായി. ഇനി മുതല്‍ കടകളില്‍ വിദേശികളെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാല്‍ പിഴയും ശിക്ഷയുമുണ്ടാകും. നിലവിലുള്ള തൊഴിലാളികളെ മാറ്റാന്‍ ഒരു മാസം അവസാനം സമയം നല്‍കിയിരുന്നു. ഇതിന്നലെ അവസാനിച്ചു.

ഇന്നു മുതല്‍ സൗദി പൗരന്മാര്‍ക്ക് മാത്രമേ ജ്വല്ലറികളില്‍ ജോലി ചെയ്യാനാകൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രാലയ ജീവനക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടടിക്കും. വിദേശികള്‍ പിടിക്കപ്പെട്ടാന്‍ സ്ഥാപനത്തിനാണ് പിഴ ചുമത്തുക.

ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുവന്‍സമയ പരിശോധകര്‍ ഉണ്ടായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സ്വര്‍ണക്കടകളില്‍ ജീവനക്കാരാക്കാന്‍ വിദേശികളെ ജോലിക്ക് പരിശീലിപ്പിച്ചിരുന്നു.

ഇവരില്‍ പലരും ഉന്നത പഠനത്തിനും ജോലിക്കും പോയെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതിയായ ജീവനക്കാരില്ലെങ്കില്‍ പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും കട ഉടമസ്ഥരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തിരുന്നു.

2007ല്‍ സൗദി മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് സ്വര്‍ണക്കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയത്. തീരുമാനം വന്ന് പത്ത് വര്‍ഷം പിന്നിട്ടെങ്കിലും സ്വര്‍ണക്കടകളിലെ സ്വദേശി ജോലിക്കാരുടെ എണ്ണം കുറവാണ്. രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്. പക്ഷെ സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നാണ് റിപ്പോര്‍ട്ട്.