കുംബ്ലെ ടീമിലില്ലെങ്കില്‍ താനുമുണ്ടാകില്ലെന്ന് തർക്കിച്ചു; ഓസ്ട്രേലിയൻ പരമ്പരയിൽ നിന്നും കുംബ്ലെയെ തഴയാൻ ശ്രമിച്ചതിനെ കുറിച്ച് ഗാംഗുലിയുടെ വെളിപ്പെടുത്തൽ

single-img
1 December 2017

ഒരു സ്വകാര്യ ചടങ്ങിനിടെയാണ് അനിൽ കുംബ്ലെയ്ക്കായി താൻ സെലക്ടർമാരുമായി വഴക്കടിച്ച സംഭവം ഗാംഗുലി വെളിപ്പെടുത്തിയത്. കഴിഞ്ഞ 20–25 വർഷത്തിനിടെ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച മാച്ച് വിന്നർ എന്ന വിശേഷണത്തോടെയാണ് കുംബ്ലെയ്ക്കായി താൻ നടത്തിയ ‘പോരാട്ട’ത്തെക്കുറിച്ച് ഗാംഗുലി വിശദീകരിച്ചത്.

2003ലെ ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപായി ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം നടക്കുകയാണ്. അന്ന് ഞാനാണ് ക്യാപ്റ്റൻ. യോഗം ആരംഭിച്ചതു മുതൽ അനിലിനെ (അനിൽ കുംബ്ലെ) ടീമിൽ ഉൾപ്പെടുത്താനുള്ള പദ്ധതി സെലക്ടർമാർക്കുണ്ടായിരുന്നില്ല. ഞാൻ യോഗത്തിനെത്തുമ്പോൾ തന്നെ കുംബ്ലെയെ ടീമിൽ ഉൾപ്പെടുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു അവർ.

കുംബ്ലെ ഒരു പോരാളിയാണെന്നും ഇന്ത്യന്‍ ടീമിന് ഇത്രയേറെ സംഭാവന ചെയ്ത താരത്തെ ഒഴിവാക്കരുതെന്നും താന്‍ വാദിച്ചെങ്കിലും സെലക്ടര്‍മാര്‍ ഉറച്ച നിലപാടിലായിരുന്നുവെന്ന് ദാദ പറഞ്ഞു. കുംബ്ലെ ടീമിലില്ലെങ്കില്‍ താനുമുണ്ടാകില്ലെന്ന് പരിശീലകന്‍ ജോണ്‍ റൈറ്റിനോടാണ് പറഞ്ഞത്.

സാധാരണ പെട്ടെന്നു തന്നെ അവസാനിക്കാറുള്ള സെലക്ഷൻ കമ്മിറ്റി യോഗം ഈ തർക്കത്തിൽ തട്ടി മണിക്കൂറുകൾ നീണ്ടു. ഞാൻ കുംബ്ലെ വേണമെന്ന വാദത്തിൽ ഉറച്ചുനിന്നപ്പോൾ, വേണ്ടെന്ന നിലപാടിൽ സെലക്ടർമാരും ഉറച്ചുനിന്നു.

ഇതോടെ അന്നത്തെ പരിശീലകൻ ജോൺ റൈറ്റ് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തൽക്കാലം സെലക്ടർമാർ പറയുന്നതുപോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്തായാലും നാം ഈ പരമ്പരയിൽ നന്നായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കുംബ്ലെയില്ലാത്ത ടീമിൽ കളിക്കില്ലെന്ന തീരുമാനം ഞാൻ അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ ചില കളികളിൽ പ്രകടനം മോശമായെന്നു പറഞ്ഞ് എന്റെ ടീമംഗത്തെ തഴയാൻ സമ്മതിക്കില്ലെന്നും ഞാൻ റൈറ്റിനെ അറിയിച്ചു. ഇപ്പോൾ കുംബ്ലെയെ തഴഞ്ഞാൽ അദ്ദേഹം വീണ്ടും ടീമിൽ കളിച്ചേക്കില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി.

കുംബ്ലെയെ ടീമില്‍ ഉള്‍പ്പെടുത്തില്ലെങ്കില്‍ സെലക്ഷന്‍ ഷീറ്റില്‍ ഞാന്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കി. ഇത് സെലക്ടര്‍മാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഞാന്‍ നന്നായി കളിച്ചില്ലെങ്കിലോ കുംബ്ലെ നന്നായി കളിച്ചില്ലെങ്കിലോ ടീം നന്നായി കളിച്ചില്ലെങ്കിലോ പിന്നെ ടീമില്‍ എനിക്ക് സ്ഥാനം ഉണ്ടാകില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. എന്നെ സംബന്ധിച്ചിടത്തോളം അത് സ്വീകാര്യമാണെന്നും എന്ത് നടക്കുമെന്ന് നമുക്ക് കാണാമെന്നും ഞാന്‍ മറുപടി നല്‍കി.

ഇതോടെ കുംബ്ലെ ടീമിലെത്തി. അനിലിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച പരമ്പരയായിരുന്നു അത്. ആ വര്‍ഷം മുഴുവന്‍ ആ മിന്നും ഫോം തുടര്‍ന്നു. 80 വിക്കറ്റുകളാണ് ആ വര്‍ഷം കുംബ്ലെ സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും വലിയ വിക്കറ്റ് വേട്ടയായി അത് മാറി.